
ദുബായ്: മുംബൈ ഭീകരാക്രമണത്തിന് സാക്ഷിയായ ഇന്ത്യൻ യുവാവ് ശ്രീലങ്കയിലെ ഭീകരാക്രമണത്തിൽനിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. അഭിനവ് ചാരി, ഭാര്യ നവരൂപ് കെ. ചാരി എന്നിവരാണ് രക്ഷപ്പെട്ടത്. സ്ഫോടനം നടന്ന എട്ടു സ്ഥലങ്ങളിൽ ഒന്നായ കൊളംബോയിലെ ഗ്രാൻഡ് സിനമൻ ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നത്.
ഒരു ബിസിനസ് ട്രിപ്പുമായി ബന്ധപ്പെട്ടാണ് ദുബായിൽ ജോലി ചെയ്യുന്ന ദമ്പതികള്‍ കൊളംബോയിൽ എത്തിയത്. ഈസ്റ്റർ ഞായറാഴ്ച പള്ളിയിൽ പ്രാർഥനയിൽ പങ്കെടുക്കവെ ഇടയ്ക്കു വച്ച് വൈദികൻ ആളുകളോടു പള്ളിയിൽനിന്നു പുറത്തുപോകാൻ ആവശ്യപ്പെട്ടു. പള്ളിയിൽനിന്നു പുറത്തുവന്ന ദമ്പതികൾ ടാക്സി വിളിച്ച് ഭക്ഷണം കഴിക്കുന്നതിനായി പോയി.
എന്നാൽ റോഡുകളിൽ അപ്രതീക്ഷിത തിരക്കു കണ്ട് ഹോട്ടലിലേക്കു മടങ്ങാൻ തീരുമാനിച്ചു. ഹോട്ടലിൽ എത്തിയപ്പോൾ എല്ലാവരും പുറത്തുനിൽക്കുകയാണ്. അപ്പോൾ സംഭവത്തിന്റെ വ്യാപതി മനസിലായില്ലെങ്കിലും പിന്നീട് വാർത്തകളിലും സമൂഹമാധ്യമങ്ങളിലും വിവരങ്ങൾ ലഭിച്ചു. കണ്മുന്നിൽ നടന്നതെല്ലാം ഒരു സിനിമ പോലെയാണു തോന്നുന്നതെന്ന് അഭിനവും ഭാര്യയും പറയുന്നു.
2008-ൽ മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ അഭിനവ് മുംബൈയിൽ മെഡിസിൻ വിദ്യാർഥിയായിരുന്നു. ആറു ദിവസത്തെ ആ ഭീകര ദിനങ്ങളെ ഭീതിയോടെയാണ് അഭിനവ് ഓർത്തെടുക്കുന്നത്. ദുബായിയിൽ ജനിച്ചുവളർന്ന താൻ രണ്ടു തവണ മാത്രമാണ് രാജ്യത്തിനു പുറത്തേക്കു പോയിരിക്കുന്നതെന്നും രണ്ടു പ്രാവശ്യവും മതതീവ്രവാദത്തിനു സാക്ഷ്യം വഹിക്കേണ്ടിവന്നെന്നും അഭിനവ് ഗൾഫ് ന്യൂസിനോടു പറഞ്ഞു.
ഈസ്റ്റർ ദിനത്തിൽ കൊളംബോയിലെ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലും നടന്ന ഭീകരാക്രമണങ്ങളിൽ 253 പേരാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിൽ അധികം പേർക്ക് സ്ഫോടനങ്ങളിൽ പരിക്കേറ്റു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam