
അബുദാബി: സൗദി അറേബ്യയിലെ സാധാരണക്കാർക്കും സിവിലിയൻ, -സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെ ഹൂതി വിഭാഗം തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ. തെക്കൻ ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സൗദി കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും യുഎഇ അപലപിച്ചു.
ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് യുഎഇ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ഈ ആക്രമണങ്ങൾ സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സൗദി അറേബ്യയുടെ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഹൂതി വിമതർ സൗദി അറേബ്യയിലെ റിയാദിന് വടക്കൻ മേഖല ലക്ഷ്യമാക്കി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വിജയകരമായി തകർത്തതായി സൗദി സഖ്യസേന അറിയിച്ചിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. ഭീകര സംഘടനയായ ഹൂതി മിലിഷ്യ റിയാദിന് വടക്കോട്ട് വിക്ഷേപിച്ച ബാലസ്റ്റിക് മിസൈൽ സഖ്യസേന തടയുകയും നശിപ്പിക്കുകയും ചെയ്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി എക്സ് പ്ലാറ്റ്‍ഫോമിൽ കുറിച്ചു. സൗദി അറേബ്യയെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തുടരുമെന്ന് സഖ്യസേന വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അസീർ മേഖലയിലെ അഹദ് റുഫൈദ, നജ്റാൻ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിൽ ഹൂതി ആക്രമണമുണ്ടായിരുന്നു. അഹദ് റുഫൈദയിലേക്ക് ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമസേന തടഞ്ഞുനശിപ്പിച്ചു. എന്നാൽ, മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് പ്രദേശത്തുണ്ടായിരുന്ന ഏഷ്യക്കാരനായ പ്രവാസിക്ക് പരിക്കേറ്റു. സംഭവം നടന്ന കെട്ടിടത്തിനുള്ളിലെ പ്രാർഥനാ ഹാളിനും സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam