'ഒരറിയിപ്പ് ഉണ്ടാകും വരെ ജനലുകൾ, വാതിലുകൾ, തുറസായ ഇടങ്ങളിൽ നിന്ന് മാറി നിൽക്കണം'; യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം

Published : Mar 06, 2026, 04:36 PM ISTUpdated : Mar 06, 2026, 04:50 PM IST
Missile attack

Synopsis

മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് ദുബൈയിലെ താമസക്കാർക്ക് യുഎഇ ആഭ്യന്തര മന്ത്രാലയം അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടു. 

മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് ദുബൈയിലെ താമസക്കാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ ആഭ്യന്തര മന്ത്രാലയം. ദുബൈയിലെ വിവിധ ഭാഗങ്ങളിലുള്ളവരുടെ മൊബൈൽ ഫോണുകളിലേക്കാണ് ​ജാ​ഗ്രത നിർദേശം അയച്ചതെന്നാണ് ​ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് ഉടൻ മാറണമെന്നും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ജനലുകൾ, വാതിലുകൾ, തുറസായ സ്ഥലങ്ങൾ എന്നിവയിൽ നിന്ന് മാറി നിൽക്കണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. അടിയന്തര സന്ദേശങ്ങൾ ലഭിക്കുമ്പോൾ വീഡിയോ പകർത്താനോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനോ ശ്രമിക്കാതെ സ്വന്തം സുരക്ഷയ്ക്ക് മുൻഗണന നൽകണം.

അറിയിപ്പുകൾ അവഗണിച്ച് വാഹനങ്ങൾ നിർത്തുന്നതും പുറത്തിറങ്ങുന്നതും നിയമപരമായ നടപടികൾക്ക് കാരണമാകുമെന്നും നിർദേശത്തിൽ പറയുന്നു. മുന്നറിയിപ്പ് ലഭിക്കുമ്പോൾ ഹൈവേകളിൽ വാഹനം പെട്ടെന്ന് നിർത്തുകയോ പുറത്തിറങ്ങുകയോ ചെയ്യരുത്. പകരം ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുകയും അവിടെ എത്തിയ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുകയും ചെയ്യുകയാണ് വേണ്ടത്. അടിയന്തര സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും രാജ്യത്തിന്റെ സുരക്ഷാ മുൻകരുതലുകളോട് പൂർണ്ണമായും സഹകരിക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു. കൃത്യമായ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി ഗവൺമെന്റിന്റെ ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നതാണ് കാണാൻ സാധിക്കുന്നത്.

മിസൈൽ ആക്രമണങ്ങളുമായോ അവയുടെ അവശിഷ്ടങ്ങൾ വീണ സംഭവസ്ഥലങ്ങളുമായോ ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും ചിത്രീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമെതിരെ യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നത് പൊതുജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കാനും രാജ്യത്തിന്റെ യഥാർത്ഥ സാഹചര്യത്തെക്കുറിച്ച് തെറ്റായ ധാരണ പടർത്താനും ഇടയാക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

അറ്റോർണി ജനറലിന്റെ മുന്നറിയിപ്പിലെ പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം,

ഒന്നാമതായി പറയുന്നത് മിസൈലുകൾ പതിച്ച സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെ സംബന്ധിച്ചാണ്. മിസൈലുകളോ ഡ്രോൺ അവശിഷ്ടങ്ങളോ വീണ സ്ഥലങ്ങൾ ചിത്രീകരിക്കുന്നതും അവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും നിയമവിരുദ്ധമാണ്. ഇത്തരം പ്രവൃത്തികൾ സുരക്ഷാ ഏജൻസികളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ഇടയാക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

രണ്ടാമതായി പറയുന്നത് കൃത്രിമ ദൃശ്യങ്ങളെ കുറിച്ചാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചോ അല്ലാതെയോ നിർമ്മിച്ച വ്യാജ വീഡിയോകൾ, മിസൈൽ ആക്രമണമെന്ന പേരിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ എന്നിവയ്‌ക്കെതിരെയും കർശന നടപടിയുണ്ടാകും. പൊതുജനങ്ങളിൽ ഭീതി പടർത്തുന്നതോ പൊതുസമാധാനത്തിന് ഭംഗം വരുത്തുന്നതോ ആയ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ദാക്ഷിണ്യമില്ലാതെ നിയമനടപടി നേരിടേണ്ടി വരും. നിലവിലെ നിയമപ്രകാരം ഇവർ ക്രിമിനൽ നടപടികൾക്ക് വിധേയരാകും എന്ന മുന്നറിയിപ്പാണ് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി നൽകുന്നത്. ദൈനംദിന ജീവിതം സാധാരണ നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. അതിനാൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുകയും പങ്കുവെക്കുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

7ാം ദിവസവും തുടർന്ന് പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ഡൊണാൾഡ് ട്രംപ്
രണ്ട് ആശുപത്രികൾ മരിച്ചെന്ന് വിധിയെഴുതി, 21 ദിവസം വെന്റിലേറ്ററിൽ', മരണത്തെ തോൽപ്പിച്ച് ഐഎഎസ് റാങ്കിലേക്ക് ആതിരയുടെ മാസ് എൻട്രി