
അബുദാബി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച അമേരിക്ക - ഇറാൻ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപനത്തെ യുഎഇ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ കരാറിലെ വ്യവസ്ഥകളെക്കുറിച്ച് കൂടുതൽ വ്യക്തത വേണമെന്നും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഇറാൻ പൂർണമായും അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്ക് ഉപാധികളില്ലാതെ പൂർണ്ണമായും തുറന്നുനൽകാൻ ഇറാൻ തയ്യാറാകണം. എങ്കിൽ മാത്രമേ സമാധാനം പുനഃസ്ഥാപിക്കപ്പെടുകയുള്ളൂ എന്ന് യുഎഇ വ്യക്തമാക്കി. കഴിഞ്ഞ 40 ദിവസമായി ഇറാൻ നടത്തിയ ആക്രമണങ്ങൾ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഈ നാശനഷ്ടങ്ങൾക്ക് ഇറാൻ പൂർണ ഉത്തരവാദിയായിരിക്കണം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും തകർന്ന അടിസ്ഥാന സൗകര്യങ്ങൾക്കും കൃത്യമായ നഷ്ടപരിഹാരം നൽകാൻ ഇറാൻ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
കേവലം വെടിനിർത്തൽ കൊണ്ട് പ്രശ്നം തീരില്ല. ഇറാന്റെ ആണവ പദ്ധതികൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, അവർ പിന്തുണയ്ക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ എന്നിവ ഉയർത്തുന്ന ഭീഷണി അവസാനിപ്പിക്കാൻ സമഗ്രമായ നീക്കം വേണം. കടൽക്കൊള്ളയും സാമ്പത്തിക യുദ്ധവും ഇറാൻ അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
യുഎഇ ഈ യുദ്ധത്തിൽ ഒരു കക്ഷിയല്ലെന്ന് മന്ത്രാലയം ആവർത്തിച്ചു. യുദ്ധം ഒഴിവാക്കാൻ ജി.സി.സി തലത്തിലും ഉഭയകക്ഷി തലത്തിലും യുഎഇ നിരന്തരം നയതന്ത്ര ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ 40 ദിവസത്തിനിടെ 2,760 മിസൈലുകളും ഡ്രോണുകളുമാണ് ഇറാൻ പ്രയോഗിച്ചത്. ഇത്തരം പ്രകോപനരഹിതമായ നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് അത്യാവശ്യമാണെന്ന് യുഎഇ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam