ഖത്തർ മുൻ ഭരണാധികാരിയും 'ഫാദർ അമീറുമായ' ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യത്ത് നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുകയും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്തു. ആധുനിക ഖത്തറിന് അടിത്തറയിട്ട ഭരണാധികാരിയായിരുന്നു അദ്ദേഹം.

ദോഹ: അന്തരിച്ച ഖത്തർ മുൻ ഭരണാധികാരി 'ഫാദർ അമീർ' ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയോടുള്ള ആദരസൂചകമായി ഖത്തറിൽ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ അന്തരിച്ച അദ്ദേഹത്തിന്‍റെ വിയോഗത്തെത്തുടർന്ന് ഇന്ന് മുതൽ തന്നെ ദുഃഖാചരണം നിലവിൽ വന്നതായി അമീരി ദിവാൻ അറിയിച്ചു. ദുഃഖാചരണത്തിന്‍റെ ഭാഗമായി രാജ്യത്തുടനീളം ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂലൈ 13 മുതൽ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പൊതുഅവധിയായിരിക്കും. അവധിക്ക് ശേഷം ജൂലൈ 19 ഞായറാഴ്ച ജീവനക്കാർ ജോലിയിൽ പ്രവേശിക്കണം. ഞായറാഴ്ച മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ വെച്ചാണ് ശൈഖ് ഹമദിന്‍റെ മയ്യത്ത് നമസ്‌കാരം നടക്കുക. തുടർന്ന് ലുസൈൽ ശ്മശാനത്തിൽ ഭൗതികശരീരം സംസ്‌കരിക്കും.

ഖത്തറിനെ മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തമായ രാജ്യമാക്കി മാറ്റിയ ഭരണാധികാരിയാണ് ശൈഖ് ഹമദ്. 1995 മുതൽ, 2013-ൽ തന്‍റെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് ഭരണം കൈമാറുന്നത് വരെ അദ്ദേഹം ഖത്തറിനെ നയിച്ചു. 'അൽ ജസീറ' സ്ഥാപിച്ചതും, 2022-ലെ ഫിഫ ലോകകപ്പിന് ഖത്തറിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഒരുക്കിയതും ശൈഖ് ഹമദിന്‍റെ ദീർഘവീക്ഷണമാണ്. 2006-ലെ ഏഷ്യൻ ഗെയിംസ്, 2012-ലെ യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം, ചരിത്രപരമായ വിവിധ രാജ്യാന്തര സമാധാന കരാറുകൾ എന്നിവയും അദ്ദേഹത്തിന്‍റെ ഭരണകാലത്താണ് ഖത്തറിൽ നടന്നത്.