
അബുദാബി: അറേബ്യൻ ഗൾഫിൽ ഖത്തർ ഗ്യാസ് ട്രാൻസ്‌പോർട്ട് കമ്പനിയുടെ (നഖിലത്) ഉടമസ്ഥതയിലുള്ള 'അൽ മായേദ' എന്ന ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (എൽഎൻജി) ടാങ്കറിന് നേരെണ്ടായ ആക്രമണത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശക്തമായ ഭാഷയിൽ അപലപിച്ചു.
കടൽമാർഗമുള്ള ഗതാഗതത്തിന്റെയും ആഗോള ഊർജ വിതരണത്തിന്റെയും സുരക്ഷയ്ക്ക് ഈ ആക്രമണം കനത്ത ഭീഷണിയാണെന്നും ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സുപ്രധാന ജലപാതകളുടെ സുരക്ഷയും സ്ഥിരതയും തകർക്കാനുദ്ദേശിച്ചുള്ള അപകടകരമായ നടപടിയാണിതെന്നും മന്ത്രാലയം വിശേഷിപ്പിച്ചു.
ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച യുഎഇ, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടതിന്റെയും വാണിജ്യ കപ്പലുകൾ, ഊർജ ടാങ്കറുകൾ, അവയിലെ ജീവനക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞു. സമുദ്രഗതാഗതത്തിലോ ഊർജ വിതരണത്തിലോ ഉണ്ടാകുന്ന ഏത് തടസ്സവും ഒഴിവാക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച വൈകുന്നേരം അറേബ്യൻ ഗൾഫിലൂടെ സഞ്ചരിക്കവെ 'അൽ മായേദ' ആക്രമണത്തിന് ഇരയായതായി ഖത്തർ ഗ്യാസ് ട്രാൻസ്‌പോർട്ട് കമ്പനി ഞായറാഴ്ച അറിയിച്ചിരുന്നു. ഖത്തർ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ, കപ്പലിലെ ജീവനക്കാർ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സംഭവത്താൽ പരിസ്ഥിതിക്ക് യാതൊരു ദോഷവും വന്നിട്ടില്ലെന്നും നഖിലത് വ്യക്തമാക്കി. കപ്പൽ സുരക്ഷിതവും പ്രവർത്തനക്ഷമവുമാണ്. കപ്പലിലെ സംവിധാനങ്ങൾ പൂർണ്ണ നിയന്ത്രണത്തിലാണെന്നും ആക്രമണത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ നടന്നുവരികയാണെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam