അമേരിക്കയിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ഡെലിവറി റോബോട്ടിനെ വഴി തടഞ്ഞ 78-കാരിയായ മുൻ കോളേജ് പ്രൊഫസർ അറസ്റ്റിലായി. മനുഷ്യരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനും സ്വകാര്യതാ പ്രശ്നങ്ങൾക്കുമെതിരെയാണ് കരോളിൻ മാർവിൻ എന്ന ഇവർ പ്രതിഷേധിച്ചത്. അറസ്റ്റിലായെങ്കിലും റോബോട്ടുകൾക്കെതിരെയുള്ള പ്രതിഷേധം തുടരുമെന്ന് അവർ വ്യക്തമാക്കി.

ഭക്ഷണം വിതരണം ചെയ്യാനെത്തിയ സ്വയംനിയന്ത്രിത റോബോട്ടിന്‍റെ വഴി തടഞ്ഞ കുറ്റത്തിന് അമേരിക്കയിൽ 78 -കാരിയായ വിരമിച്ച കോളേജ് പ്രൊഫസർ അറസ്റ്റിലായി. മനുഷ്യരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുകയും പൊതുസ്ഥലങ്ങളിൽ സാങ്കേതികവിദ്യയുടെ കടന്നുകയറ്റം വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ഇവർ മാസങ്ങളായി ഡെലിവറി റോബോട്ടുകൾക്കെതിരെ പ്രതിഷേധം നടത്തിവരുന്നത്.

'അങ്ങനെയങ്ങ് പോകണ്ട'

പെൻസിൽവാനിയ സർവകലാശാലയിലെ മുൻ കമ്മ്യൂണിക്കേഷൻസ് പ്രൊഫസറായ കരോളിൻ മാർവിനാണ് അറസ്റ്റിലായത്. ഒക്ടോബർ 14 -ന് പ്രൊഫസ‍ർ കരോളിൻ മാർവിൻ ഫ്ലൂ വാക്സിൻ എടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. വഴിയിൽ കണ്ട ഊബർ ഈറ്റ്സിന്‍റെ ഡെലിവറി റോബോട്ടിന് മുന്നിൽ ഇവർ നിലയുറപ്പിച്ചു. റോബോട്ടിനെ മുന്നോട്ട് കടത്തിവിടാതെ ഏറെനേരം തടഞ്ഞതോടെ ആളുകൾ തടിച്ചുകൂടുകയും പോലീസിനെ വിളിക്കുകയുമായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പോലീസ് ഉദ്യോഗസ്ഥർ, പ്രൊഫസർ കരോളിനോട് പലതവണ വഴി മാറാൻ ആവശ്യപ്പെട്ടിട്ടും ഇവ‍ർ വിസമ്മതിച്ചെന്നും ഇതേ തുടർന്ന് പോലീസ് ക്രമസമാധാന ലംഘനത്തിന് നോട്ടീസ് നൽകുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. റോബോട്ടിനെ തടയുന്നതിലൂടെ സാധാരണയായി 10 മുതൽ 15 മിനിറ്റ് വരെ മാത്രമാണ് ഭക്ഷണവിതരണം വൈകിപ്പിക്കാറുള്ളതെന്ന് അവർ സിഎൻഎന്നിനോട് പറഞ്ഞു.

Scroll to load tweet…

ഗിഗ് തൊഴിലാളികളുടെ തൊഴിൽ നഷ്ടം, പ്രതിഷേധിക്കാൻ അവകാശം

ഡെലിവറി തൊഴിലാളികളുടെ തൊഴിൽ നഷ്ടം, നടപ്പാതകളിലെ സുരക്ഷ, റോബോട്ടുകളിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകൾ ഉയർത്തുന്ന സ്വകാര്യതാ പ്രശ്നങ്ങൾ എന്നിവയാണ് പ്രൊഫറർ കരോളിന്‍റെ പ്രതിഷേധത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ടുകൾ പറയുന്നു. പൊതുസ്ഥലത്ത് പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം തനിക്കുണ്ടെന്ന് അറസ്റ്റിന് പിന്നാലെ പ്രൊഫസർ വാദിച്ചു.

പ്രതിഷേധം തുടരും

പെൻസിൽവാനിയയിലെ നിയമപ്രകാരം ഇത്തരം സ്വയംനിയന്ത്രിത ഡെലിവറി ഉപകരണങ്ങളെ കാൽനടയാത്രക്കാരുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ യഥാർഥ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും വഴിനൽകണമെന്നും നിയമം അനുശാസിക്കുന്നു. തന്നെ അറസ്റ്റ് ചെയ്താലും പ്രതിഷേധം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് കരോളിന്‍റെ നിലപാട്. റോബോട്ടുകളെ വഴിയിൽ തടയുന്നത് തുടരുമെന്നും അവർ വ്യക്തമാക്കി. പ്രൊഫസറുടെ വ്യത്യസ്തമായ പ്രതിഷേധം മനുഷ്യരുടെ തൊഴിലും പൊതുസ്ഥലങ്ങളിലെ അവകാശങ്ങളും സംബന്ധിച്ച പുതിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്.