
ലണ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പുതിയതായി അധികാരമേറ്റ യു കെ പ്രധാനമന്ത്രി ഋഷി സുനക്. വരും കാലത്ത് ഇരു രാജ്യങ്ങൾക്കും എന്ത് നേടാനാകുമെന്നതിൽ താൻ ആവേശഭരിതനാണെന്ന് സുനക് ട്വീറ്റ് ചെയ്തു. ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിൽ നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചിരുന്നു. നരേന്ദ്രമോദിയുടെ നല്ല വാക്കുകൾക്ക് നന്ദിയെന്നും സുനക് ട്വീറ്റ് ചെയ്തു. ഞാൻ പുതിയ ചുമതല ഏറ്റെടുക്കുമ്പോൾ നിങ്ങൾ പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി. യു കെയും ഇന്ത്യയും വളരെയധികം അടുത്ത രാജ്യങ്ങളാണ്. സുരക്ഷ, പ്രതിരോധം, സാമ്പത്തിക പങ്കാളിത്തം എന്നീ മേഖലയിൽ ബന്ധം ആഴത്തിലാക്കുമ്പോൾ മഹത്തായ രണ്ട് ജനാധിപത്യ രാജ്യങ്ങൾക്ക് എന്ത് നേടാനാകും എന്നതിൽ ഞാൻ ആവേശത്തിലാണെന്നും സുനക് പറഞ്ഞു.
വ്യാഴാഴ്ച ഋഷി സുനക്കുമായി സംസാരിച്ചതായും അദ്ദേഹത്തെ അഭിനന്ദിച്ചതായും പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചിരുന്നു. തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും മോദി പറഞ്ഞിരുന്നു. ചൊവ്വാഴ്ചയാണ് ഋഷി സുനക്കിനെ യു കെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. കഴിഞ്ഞ ആറ് വർഷത്തിനിടെ തെരഞ്ഞെടുക്കപ്പെട്ട അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് സുനക്.
പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞത്
ഇന്ത്യൻ വംശജൻ റിഷി സുനക്ക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അന്നുതന്നെ രംഗത്തെത്തിയത്. യു കെ പ്രധാനമന്ത്രിയാകുന്നതിൽ ഊഷ്മളമായ അഭിനന്ദനങ്ങൾ എന്ന് ട്വിറ്ററിലൂടെ അറിയിച്ച നരേന്ദ്രമോദി, ആഗോള വിഷയങ്ങളിൽ ചേർന്നു പ്രവർത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും കുറിച്ചു. ഒപ്പം റോഡ്‌മാപ്പ് 2030 നടപ്പിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യ - യു കെ ചരിത്രപരമായ ബന്ധം ആധുനിക പങ്കാളിത്തമാക്കി മാറ്റാമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.