ആഗോള വിഷയങ്ങളിൽ ചേർന്നു പ്രവർത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: ഇന്ത്യൻ വംശജൻ റിഷി സുനക്ക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം പ്രകടപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. യു കെ പ്രധാനമന്ത്രിയാകുന്നതിൽ ഊഷ്മളമായ അഭിനന്ദനങ്ങൾ എന്ന് ട്വിറ്ററിലൂടെ അറിയിച്ച നരേന്ദ്രമോദി, ആഗോള വിഷയങ്ങളിൽ ചേർന്നു പ്രവർത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും കുറിച്ചു. ഒപ്പം റോഡ്‌മാപ്പ് 2030 നടപ്പിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യ - യു കെ ചരിത്രപരമായ ബന്ധം ആധുനിക പങ്കാളിത്തമാക്കി മാറ്റാമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. ബ്രിട്ടനിലെ ഇന്ത്യാക്കാർക്ക് ദീപാവലി ആശംസകൾ നേരാനും പ്രധാനമന്ത്രി മോദി മറന്നില്ല.

അതേസമയം ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന റിഷി സുനക് നാൽപ്പത്തി രണ്ടാം വയസിലാണ് യു കെ പ്രധാനമന്ത്രി കസേരയിൽ എത്തുന്നത്. സാമ്പത്തിക രംഗം പ്രതിസന്ധിയിലായ ബ്രിട്ടനെ നയിക്കുകയെന്ന ദുഷ്കരമായ ദൗത്യമാണ് ഇന്ത്യൻ വംശജന് മുന്നിലുള്ളത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ ശ്രമിച്ച പെന്നി മോർഡന്‍റിന് 100 എം പിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെ റിഷി സുനക് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും നേരത്തെ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. 357 കൺസർവേറ്റീവ് എം പിമാരിൽ പകുതിയിൽ ഏറെപ്പേരും റിഷി സുനകിനെ പിന്തുണച്ചു. ഒന്നരമാസം മുമ്പ് അധികാരമേറ്റ ലിസ്‍ ട്രസ് രാജിവെച്ചതോടെയാണ് പാർട്ടിക്കുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ലിസ് ട്രസിനോട് കഴിഞ്ഞ തവണത്തെ പോരാട്ടത്തിൽ പരാജയപ്പെട്ട സുനക്ക് ഇക്കുറി എതിരാളികളില്ലാതെയാണ് അധികാര കസേരയിലെത്തിയത്.

3 മാസം മുമ്പ് ഉയർന്ന ചോദ്യം, ഒടുവിൽ യാഥാർത്ഥ്യമായി, 42 കാരൻ ബ്രിട്ടിഷ് ചരിത്രം വഴിമാറ്റിയതെങ്ങനെ? അറിയാം

പഞ്ചാബിൽ നിന്നാണ് റിഷി സുനാക്കിന്റെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്. 2020 ഫെബ്രുവരിയിൽ ധനമന്ത്രിയായ സുനക്ക് ബ്രിട്ടനിൽ ഏറെ ജനപിന്തുണയും ജനപ്രീതിയുമുള്ള നേതാവായി വളരുകയായിരുന്നു. കൊവിഡ് പ്രതിസന്ധിക്കാലത്താണ് റിഷി സുനക്കിന്റെ ജനപ്രീതിയുയർന്നത്. ഒരു ഫാർമസിസ്റ്റായ ഉഷാ സുനക്കിന്റെയും നാഷണൽ ഹെൽത്ത് സർവീസ് ജനറൽ പ്രാക്ടീഷണറായ യാഷ് വീറിന്റെയും മകനായാണ് ബ്രിട്ടനിലെ സതാംപ്ടണിൽ സുനക് ജനിച്ചത്. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് പത്നി. കൃഷ്ണ, അനൗഷ്ക എന്നിവരാണ് മക്കൾ.

ഗവർണറും വിസിമാരും തമ്മിൽ ശക്തമായ വാദപ്രതിവാദം, ഇടപെട്ട് കോടതി, ഒന്നും മിണ്ടാതെ സ‍ർക്കാർ; ഇന്ന് നടന്നത് അറിയാം!