റഷ്യൻ എണ്ണ സംഭരണശാലകൾക്ക് നേരെ ആക്രമണം കടുപ്പിച്ച് യുക്രൈൻ; യുദ്ധം അവസാനിച്ചില്ലെങ്കിൽ റഷ്യയ്ക്ക് തന്നെ ആഘാതമെന്ന് സെലൻസ്കി

Published : Jul 10, 2026, 07:57 AM IST
Ukriane Attacks Russia

Synopsis

യുക്രൈൻ റഷ്യൻ എണ്ണ സംഭരണശാലകൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണം ശക്തമാക്കി. ത്വെർ, സ്റ്റാവ്‌റോപോൾ, അസോവ് കടൽ എന്നിവിടങ്ങളിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായി. റഷ്യയുടെ ഉള്ളിലുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി പ്രസിഡന്റ് സെലൻസ്കി സ്ഥിരീകരിച്ചു. 

കീവ്: റഷ്യയുടെ എണ്ണ സംഭരണശാലകൾക്ക് നേരെ ആക്രമണം കടുപ്പിച്ച് യുക്രൈൻ. ബുധനാഴ്ച രാത്രി യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ത്വർ, സ്റ്റാവ്‌റോപോൾ എന്നിവിടങ്ങളിലെ എണ്ണ സംഭരണശാലകൾക്ക് നാശം. യുക്രൈൻ ആക്രമണത്തിൽ അസോവ് കടലിൽ ഉണ്ടായ രണ്ട് എണ്ണ ടാങ്കറുകളും കത്തി നശിച്ചു. ടാങ്കറുകൾക്ക് നേരെ ഉണ്ടായ ആക്രമണം റഷ്യൻ നഗരമായ റോസ്തോവിലെ ഗവർണർ യൂരി സ്ല്യൂസാർ സ്ഥിരീകരിച്ചു. കപ്പലുകൾക്ക് തീപിടിച്ചതായും ജീവനക്കാരെ രക്ഷപ്പെടുത്തിയതായും യൂരി സ്ല്യൂസാർ വ്യക്തമാക്കി.

യുക്രൈൻ അതിർത്തിയിൽനിന്ന് 800 കിലോമീറ്റർ അപ്പുറമുള്ള റഷ്യയുടെ എണ്ണ സംഭരണശാലകൾക്ക് നേരെ ആക്രമണം നടത്തിയതായി യുക്രൈൻ പ്രസിഡൻ്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു. കൂടാതെ, യുക്രൈൻ അതിർത്തിയിൽനിന്ന് 1500 കിലോമീറ്റർ അപ്പുറമുള്ള, ഉഫയിലെ ഓയിൽ പമ്പിങ് സ്റ്റേഷന് നേരെയും ആക്രമണം നടത്തിയെന്ന് സെലൻസ്കി വ്യക്തമാക്കി. യുക്രൈൻ അതിർത്തിയിൽനിന്ന് 200 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന റോസ്തോവ് മേഖലയിലെ ഓയിൽ ലോഡിങ് ടെർമിനലിന് നേരെയും ആക്രമണം നടത്തിയതായി പ്രസിഡൻ്റ് സെലൻസ്കി അറിയിച്ചു.

നാല് വർഷമായി തുടരുന്ന റഷ്യ - യുക്രൈൻ യുദ്ധത്തിനിടെ, റഷ്യൻ എണ്ണ സംഭരണശാലകൾക്ക് നേരെ യുക്രൈൻ നടത്തുന്ന ആക്രമണം റഷ്യയ്ക്ക് കനത്ത തിരിച്ചടിയാകുന്നുണ്ട്. എണ്ണ സംഭരണശാലകൾക്കും റിഫൈനറികൾക്കും നേരെ യുക്രൈൻ നടത്തുന്ന ആക്രമണങ്ങളെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദകരായ റഷ്യയ്ക്ക് എണ്ണ കയറ്റുമതി കുറയ്ക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. റഷ്യയിലെ ഭൂരിഭാഗം മേഖലകളിലും പെട്രോൾ, ഡീസൽ ക്ഷാമം നേരിടുന്നതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം റഷ്യ നടത്തുന്ന ആക്രമണങ്ങൾക്കും യുദ്ധം അവസാനിപ്പിക്കാനുള്ള വിസമ്മതത്തിനും ഉള്ള മറുപടിയാണ് ഇപ്പോഴത്തെ ആക്രമണമെന്നാണ് വോളോഡിമിർ സെലൻസ്കിയുടെ വിശദീകരണം. റഷ്യ ഈ യുദ്ധം അവസാനിപ്പിക്കണമെന്ന് തങ്ങൾ പണ്ടേ ആവശ്യപ്പെട്ടതാണെന്നും ഓരോ ദിവസവും കാലതാമസം വരുത്തുന്നത് റഷ്യയ്ക്ക് തന്നെ ആഘാതം ഉണ്ടാക്കുമെന്നും സെലൻസ്കി മുന്നറിയിപ്പ് നൽകി.

ബുധനാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച പുലർച്ചെ വരെ 73 യുക്രൈൻ ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രൈന് നേരെ റഷ്യ 94 ബാലിസ്റ്റിക് ദീർഘദൂര ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ചതായി യുക്രൈൻ വ്യോമസേന അറിയിച്ചു. ഇതിൽ 72 ഡ്രോണുകൾ തകർത്തതായും 19 ഡ്രോണുകളും രണ്ട് മിസൈലുകൾ പതിച്ച് 13 ഇടത്ത് നാശം ഉണ്ടായതായും യുക്രൈൻ സ്ഥിരീകരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് വികാര നിർഭര യാത്രയയപ്പ് നൽകി ഇറാൻ; സംസ്കാരച്ചടങ്ങുകൾക്ക് സാക്ഷിയായി പതിനായിരങ്ങൾ
13 മണിക്കൂർ കഠിന പരിശ്രമത്തിൽ ഞെട്ടിച്ച് ഇറാൻ, അമേരിക്കൻ ക്രൂയിസ് മിസൈൽ തകർത്ത മഷ്ഹദ് റെയിൽവേ ലൈനിൽ ഒരെണ്ണം പുനഃസ്ഥാപിച്ചു; രണ്ടാം ലൈനും ഉടൻ സജ്ജമാകും