Ukraine Crisis : കീവിൽ വൻസ്ഫോടനം, മിസൈൽ തകർത്തതോ? കീവിൽ റഷ്യൻ അട്ടിമറിസംഘങ്ങൾ

Published : Feb 25, 2022, 08:36 AM IST
Ukraine Crisis : കീവിൽ വൻസ്ഫോടനം, മിസൈൽ തകർത്തതോ? കീവിൽ റഷ്യൻ അട്ടിമറിസംഘങ്ങൾ

Synopsis

യുക്രൈനിയൻ തലസ്ഥാനമായ കീവിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. രാത്രിയും പലയിടങ്ങളിലും ആക്രമണങ്ങൾ തുടരുന്നു. രണ്ടാം ദിവസവും ശക്തമായ ആക്രമണങ്ങളിലേക്ക് റഷ്യ കടക്കുന്നു.

കീവ്: രണ്ടാം ദിനവും യുക്രൈന് മേൽ ആക്രമണം ശക്തമായി തുടർന്ന് റഷ്യ. പുലർച്ചെ അഞ്ച് മണിയോടെ കീവിൽ ഉഗ്രസ്ഫോടനശബ്ദം കേട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കീവ് നഗരമധ്യത്തിൽത്തന്നെയാണ് സ്ഫോടനശബ്ദം കേട്ടതെന്നാണ് റിപ്പോർട്ടുകൾ. ആറിലധികം സ്ഫോടനങ്ങൾ കീവ് നഗരമധ്യത്തിൽ ഉണ്ടായി എന്നാണ് വിവരങ്ങൾ. രണ്ട് ഉഗ്രസ്ഫോടനശബ്ദങ്ങൾ നഗരത്തിൽ നിന്ന് കേട്ടതായി സിഎൻഎൻ സംഘം പറയുന്നു. 

ഒരു സ്ഫോടനം ആകാശത്താണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. മിസൈലോ വിമാനമോ ഹെലികോപ്റ്ററോ എതിർമിസൈൽ ഉപയോഗിച്ച്, ആക്രമിച്ചതാണെന്നാണ് സൂചന. റഷ്യൻ ക്രൂസ് മിസൈലാക്രമണം പുലർച്ചെ കീവിന് നേരെ ഉണ്ടായി എന്നാണ് യുക്രൈനിയൻ അധികൃതർ വ്യക്തമാക്കുന്നത്. തലസ്ഥാനനഗരമായ കീവ് പിടിച്ചെടുക്കാൻ തന്നെയാണ് റഷ്യയുടെ തീരുമാനം. ആദ്യദിനത്തേക്കാൾ കൂടുതൽ ശക്തമായ ആക്രമണമാകും രണ്ടാം ദിനവും ഉണ്ടാകുക എന്ന സൂചനകളാണ് വരുന്നത്. 

യുക്രൈനിയൻ തലസ്ഥാനമായ കീവിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. രാത്രിയും പല പ്രധാനനഗരങ്ങളിലും ആക്രമണങ്ങൾ തുടർന്നുവെന്നാണ് റിപ്പോർട്ടുകൾ. ആകാശത്ത് വച്ച് ഒരു മിസൈലോ മറ്റോ തകർത്ത് അത് ചിന്നിച്ചിതറി താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ കാണാം:

ഒരു ലക്ഷത്തോളം പേർ ഇതുവരെ യുക്രൈനിൽ നിന്ന് പലായനം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ഒറ്റയ്ക്ക് റഷ്യയോട് പോരാടേണ്ട സ്ഥിതിയാണെന്നും, താനും കുടുംബവും തലസ്ഥാനത്ത് തന്നെ തുടരുമെന്നും വ്ലാദിമിർ സെലൻസ്കി പറയുന്നു. താനാണ് ലക്ഷ്യമെങ്കിൽ അത് നടക്കട്ടെ. താൻ ഭയന്നോടില്ല. തന്നെ സ്ഥാനഭ്രഷ്ടനാക്കി യുക്രൈൻ പിടിച്ചെടുക്കാമെന്നാണ് റഷ്യയുടെ മോഹമെന്നും സെലൻസ്കി പറയുന്നു. 

''അവരുടെ ഒന്നാം ലക്ഷ്യം ഞാനാണ്. രണ്ടാം ലക്ഷ്യം എന്‍റെ കുടുംബവും. യുക്രൈനൊറ്റയ്ക്കാണ്. പക്ഷേ ഞങ്ങൾ പോരാടും. ഭയന്നോടില്ല. രാജ്യത്തലവനെ സ്ഥാനഭ്രഷ്ടനാക്കി രാജ്യം പിടിക്കാനാണ് അവരുടെ ശ്രമം. റഷ്യൻ അട്ടിമറിസംഘങ്ങൾ കീവിലെത്തിയിരിക്കുന്നു. തലസ്ഥാനം പിടിക്കാനാണ് ശ്രമം'', സെലൻസ്കി പറയുന്നു. 

യുക്രൈൻ നാറ്റോയിലെ 27 രാജ്യങ്ങളോട് അടക്കം യുദ്ധത്തിന്‍റെ ആദ്യദിനം തന്നെ സഹായം തേടിയെന്നും, എന്നാൽ ആരും സഹായിക്കാൻ തയ്യാറായില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി. എല്ലാവർക്കും ഭയമാണെന്നും സെലൻസ്കി പറഞ്ഞു.  

ഇന്നലെ യുക്രൈനിയൻ പ്രതിരോധ, ഇന്‍റലിജൻസ് ആസ്ഥാനം ആക്രമിച്ച് റഷ്യ തകർത്തിരുന്നു. 11 സൈനികകേന്ദ്രങ്ങൾ തകർത്തുവെന്നാണ് റഷ്യയുടെ അവകാശവാദം. 203 മിസൈലുകളാണ് യുക്രൈന്‍റെ വിവിധ ഇടങ്ങളിലായി ഇന്നലെ മാത്രം പതിച്ചത്. ആദ്യദിനത്തിലെ ആക്രമണം വൻവിജയമെന്നാണ് റഷ്യ അവകാശപ്പെട്ടത്. 

ഒരു ചെറുരാജ്യമായ യുക്രൈന്‍റെ സൈനികശേഷിക്ക് മേൽ വൻ പ്രഹരമേൽപ്പിച്ചുകൊണ്ടാണ് രണ്ടാം ദിനത്തിലെ ആക്രമണങ്ങൾ റഷ്യ നടത്തുന്നത്. ആദ്യദിനം കൊല്ലപ്പെട്ടത് 137 പേരാണെന്നാണ് ഔദ്യോഗികമായി യുക്രൈൻ പ്രസിഡന്‍റ് വ്യക്തമാക്കിയത്. 317 പേർക്ക് പരിക്കേറ്റെന്നും വ്യക്തമാക്കി. ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്. യഥാർത്ഥ കണക്ക് ഇതിനേക്കാൾ എത്രയോ അധികമായിരിക്കുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി