ഭൂകമ്പം: അഫ്ഗാന് സഹായവുമായി ഐക്യരാഷ്ട്രസഭ, രക്ഷാപ്രവ‍ര്‍ത്തനം ദുഷ്കരം

Published : Jun 23, 2022, 09:14 AM IST
ഭൂകമ്പം: അഫ്ഗാന് സഹായവുമായി ഐക്യരാഷ്ട്രസഭ, രക്ഷാപ്രവ‍ര്‍ത്തനം ദുഷ്കരം

Synopsis

ഇന്നലെ ഉണ്ടായ  ഭൂകമ്പത്തിൽ മരണസംഖ്യ ആയിരം കടന്നു. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതകർ വ്യക്തമാക്കി. പല ജില്ലകളും പൂർണ്ണമായും തകർന്ന നിലയിലാണ്.

കാബൂൾ: ഭൂകമ്പത്തിൽ തക‍ര്‍ന്ന അഫ്ഗാനിസ്ഥാനിൽ രക്ഷാപ്രവ‍ര്‍ത്തനത്തിന് സഹായവുമായി ഐക്യരാഷ്ട്രസഭ. മരുന്നും ഭക്ഷണവും ഭൂകമ്പബാധിതപ്രദേശത്ത് എത്തിച്ച് തുടങ്ങിയതായി ഐക്യരാഷ്ട്രസഭ വക്താവ് അറിയിച്ചു. അന്താരാഷ്ട്രസമൂഹത്തിന്റെ സഹായം താലിബാൻ ഭരണകൂടം തേടിയതിന് പിന്നാലെയാണ് നടപടി.

ഇന്നലെ ഉണ്ടായ  ഭൂകമ്പത്തിൽ മരണസംഖ്യ ആയിരം കടന്നു. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതകർ വ്യക്തമാക്കി. പല ജില്ലകളും പൂർണ്ണമായും തകർന്ന നിലയിലാണ്. വാർത്താവിതരണസംവിധാനവും റോഡുകളും തകർന്നത് രക്ഷാപ്രവർത്തനം ഏറെ ദുഷ്ക്കരമാക്കിയിരിക്കുകയാണ്.

കിഴക്കൻ മേഖലയിൽ പാക് അതിർത്തിയോട് ചേർന്ന പഖ്തിക ഖോസ്ത് പ്രവിശ്യകളിലാണ് ഭൂചലനമുണ്ടായത്. ഈ പ്രദേശം ഹിന്ദുകുഷ് മലനിരകളിലായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ഇന്നലെ പുലർച്ചെയാണ് റിക്ടർ സ്കെയിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 

അഫ്​ഗാനിലെ ഭൂചലനം: മരണം 1000 കടന്നു, ഇനിയും ഉയർന്നേക്കും, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി മഴയും

"നിരവധി ആളുകൾ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇസ്ലാമിക് എമിറേറ്റിന്റെ രക്ഷാസംഘം എത്തിയിട്ടുണ്ട്, പ്രദേശവാസികളുടെ സഹായത്തോടെ മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുക്കാൻ ശ്രമിക്കുകയാണ്," കഠിനമായി ബാധിച്ച പക്തിക പ്രവിശ്യയിലെ ഒരു ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ പറഞ്ഞു. 

രണ്ട് ദശാബ്ദക്കാലത്തെ യുദ്ധത്തിന് ശേഷം കഴിഞ്ഞ ഓഗസ്റ്റിൽ രാജ്യം ഏറ്റെടുക്കുകയും ഉപരോധങ്ങൾ കാരണം അന്താരാഷ്ട്ര സഹായങ്ങൾ നിരസിക്കപ്പെടുകയും ചെയ്ത താലിബാൻ സർക്കാരിന് രക്ഷാപ്രവർത്തനം വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. താലിബാന്റെ നേതൃത്വത്തിലുള്ള പ്രതിരോധ മന്ത്രാലയമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഭൂപ്രകൃതിയും കാലാവസ്ഥയും കാരണം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ഐക്യരാഷ്ട്രസഭ ഓഫീസിൽ നിന്നുള്ള പ്രതിനിധി ലോറെറ്റ ഹൈബർ ഗിരാർഡറ്റ് പറഞ്ഞു.

മഴയും ഭൂചലനവും ഒരുമിച്ചായത് കൂടുതൽ അപകടസാധ്യത സൃഷ്ടിച്ചു. ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. മെഡിക്കൽ ഹെൽത്ത് ടീമുകളെ വിന്യസിക്കുകയും മെഡിക്കൽ സപ്ലൈസ് നൽകുകയും ചെയ്യുന്നുണ്ടെന്ന് യുഎൻ ഹ്യൂമാനിറ്റേറിയൻ ഓഫീസ് അറിയിച്ചു. ചില ഗ്രാമങ്ങൾ മലനിരകളിലെ വിദൂര പ്രദേശങ്ങളിലായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും വിശദാംശങ്ങൾ ശേഖരിക്കാൻ കുറച്ച് സമയമെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ സലാഹുദ്ദീൻ അയ്യൂബി പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ