യുഎസ് പ്രസി‍ഡൻ്റ് ഡോണാൾഡ് ട്രംപ് ചൈനയിൽ എത്തി. ചൈനയിൽ രണ്ട് ദിവസം സന്ദർശനം നടത്തുന്ന ട്രംപ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തും. ചൈനീസ് വൈസ് പ്രസിഡൻ്റ് ഹാൻ സെങ്ങിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രംപിന് സ്വീകരണമൊരുക്കിയത്. 

ബീജിങ്: ആഗോളശക്തികളായ അമേരിക്കയുടെയും ചൈനയുടെയും തലവന്മാർ തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ആകാംക്ഷയോടെ ലോകം. ദ്വിദിന സന്ദർശനത്തിനായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ചൈനയിൽ എത്തി. എയർ ഫോഴ്സ് വൺ വിമാനത്തിൽ ബീജിങ്ങിൽ ഇറങ്ങിയ ട്രംപിന് ചൈനീസ് ഭരണകൂടം അതിഗംഭീര സ്വീകരണമൊരുക്കി. ചൈനീസ് വൈസ് പ്രസിഡൻ്റ് ഹാൻ ഷെങ്ങിൻ്റെ നേതൃത്വത്തിലുള്ള സംഘം ട്രംപിനെ സീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ താരിഫ്, ടെക് മേഖലയിലെ മത്സരം, ഇറാൻ യുദ്ധം, തായ്‍വാനുമായുള്ള യുഎസിൻ്റെ ബന്ധം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. ഇതിൽ ഇറാനുമായുള്ള യുദ്ധം പ്രധാന വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിറ്റാണ്ടുകളായി ഇറാനുമായി സഖ്യമുള്ള ചൈന, റഷ്യയുടെ പ്രധാന വ്യാപാര പങ്കാളി കൂടിയാണ്. യുഎസ് കാർഷിക ഉൽപന്നങ്ങൾ കൂടുതൽ വാങ്ങിക്കാൻ ട്രംപ് ചൈനയുടെ മേൽ സമ്മർദം ചെലുത്തിയേക്കാം. അതേസമയം ചൈനീസ് ഉൽപന്നങ്ങൾക്ക് മേൽ ചുമത്തിയിരിക്കുന്ന താരിഫ് കുറയ്ക്കാൻ ചൈന യുഎസിന് മേൽ സമ്മർദം ചെലുത്തിയേക്കാം.

Scroll to load tweet…

ട്രംപിനൊപ്പം മകൻ എറിക് ട്രംപ്, ടെസ്‍ല തലവൻ ഇലോൺ മസ്ക്, എൻവിഡിയ തലവൻ ജെൻസൺ ​ഹുവാങ് തുടങ്ങിയ യുഎസ് ടെക് കമ്പനികൾക്ക് നേതൃത്വം നൽകുന്നവരും ചൈനയിൽ എത്തിയിട്ടുണ്ട്. ഈ മിടുക്കരായ ആളുകൾക്ക് അവരുടെ മാന്ത്രികത പ്രകടിപ്പിക്കാനും പീപ്പിൾസ് റിപ്പബ്ലിക്കിനെ ഉയർന്ന തലത്തിലേക്ക് എത്തിക്കാനുമായി ചൈന തുറന്നുനൽകാൻ ഷി ജിൻപിങ്ങിനോട് ആവശ്യപ്പെടുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.

2017ലാണ് ട്രംപ് അവസാനമായി ചൈന സന്ദർശിച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ ചൈനീസ് സന്ദർശനം നിശ്ചയിച്ചിരുന്നെങ്കിലും ഇറാൻ - ഇസ്രായേൽ യുദ്ധം കാരണം വൈകുകയായിരുന്നു. ചൈനയിലെ പ്രധാന നേതാക്കളിൽ ഒരാളായ ഹാൻ ഷെങ് തന്നെ ട്രംപിനെ സ്വീകരിക്കാൻ നേരിട്ടെത്തിയതും ശ്രദ്ധേയമായി. മുൻപ് ട്രംപിനെ സ്വീകരിക്കാൻ അപ്രധാന നേതാവ് എത്തിയത് ചർച്ചയായിരുന്നു. അതേസമയം ഷി ജിൻപിങ് അസാധാരണമായ മികവുള്ള നേതാവാണെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ ട്രംപ് പുകഴ്ത്തിയിട്ടുണ്ട്.