സ്വവർഗ ബന്ധത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ നിലപാട്; സ്വാ​ഗതം ചെയ്ത് ഐക്യരാഷ്ട്രസഭ

By Web TeamFirst Published Oct 22, 2020, 10:17 AM IST
Highlights

എല്‍ജിബിടി സമൂഹത്തോടുള്ള വിവേചനം ഒഴിവാക്കാന്‍ പ്രഖ്യാപനം സഹായിക്കുമെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു. 

ന്യൂയോര്‍ക്ക്: സ്വവര്‍​ഗ ബന്ധങ്ങള്‍ക്ക് നിയമ പരിരക്ഷ വേണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട് സ്വാ​ഗതാര്‍ഹമെന്ന് ഐക്യരാഷ്ട്രസഭ. എല്‍ജിബിടി സമൂഹത്തോടുള്ള വിവേചനം ഒഴിവാക്കാന്‍ പ്രഖ്യാപനം സഹായിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

സ്വവര്‍​ഗ ബന്ധങ്ങള്‍ അധാര്‍മികമെന്ന മുന്‍​ഗാമികളുടെ നിലപാടാണ് ഫ്രാന്‍സിസ് മാർപാപ്പ തിരുത്തിയത്. സ്വവർഗ ബന്ധങ്ങളെ നിയമപരമായി അംഗീകരിക്കണമെന്നാണ് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചത്. സ്വവർഗ പ്രണയികൾക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്ന് പോപ്പ് വ്യക്തമാക്കി. രണ്ടായിരം വർഷത്തെ സഭാചരിത്രത്തിൽ ഇതാദ്യമായാണ് ഒരു പോപ്പ് സ്വവർഗ ബന്ധത്തിൽ ഉറച്ച നിലപാട് പ്രഖ്യാപിക്കുന്നത്.

മുൻപുള്ള എല്ലാ മാർപാപ്പമാരുടെയും നിലപാടിനെ തിരുത്തുന്നതാണ് ഫ്രാൻസീസ് മാർപാപ്പയുടെ പ്രഖ്യാപനം. പല സന്ദർഭങ്ങളിലും എൽജിബിടി വ്യക്തിത്വങ്ങളോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സ്വവർഗ ബന്ധങ്ങളെ നിയമപരമായി അംഗീകരിയ്ക്കണമെന്ന പോപ്പ് വ്യക്തമായി പറയുന്നത് ഇതാദ്യം. 'ഫ്രാൻസിസ്കോ' എന്ന ഡോകുമെന്ററിയിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ അഭിപ്രായപ്രകടനം. 

എൽജിബിടി വ്യക്തിത്വങ്ങളും ദൈവത്തിന്റെ മക്കളാണ്. സ്വവർഗ പ്രണയികൾക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ട്. സ്വവർഗ ബന്ധത്തിന്റെ പേരിൽ ആരും ഉപേക്ഷിക്കപ്പെടരുത്. ഫ്രാൻസീസ് മാർപാപ്പ ഡോക്‌മെന്ററിയിൽ പറഞ്ഞു. സ്വവർഗ ബന്ധങ്ങൾ അധാർമികമെന്ന സഭയുടെ ഇതുവരെയുള്ള നിലപാട് ആണ്  ഫ്രാൻസീസ് മാർപാപ്പ തിരുത്തിയിരിക്കുന്നത്.

click me!