ചരിത്രത്തിലെ ഏറ്റവും വലിയ ഷട്ട്ഡൗൺ! കോടികളുടെ നഷ്ടം; അമേരിക്കയിൽ സംഭവിക്കുന്നത് എന്ത്?

Published : Nov 07, 2025, 05:15 PM IST
trump shutdown

Synopsis

അമേരിക്ക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗവൺമെന്റ് ഷട്ട്ഡൗണിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കി കഴിഞ്ഞു.

ന്യൂയോര്‍ക്ക്: ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് കടന്നിരിക്കുകയാണ് അമേരിക്ക. ​ഗവൺമെന്റ് ഷട്ട് ഡൗൺ 38-ാം ദിവസത്തിലേക്ക് കടന്നു. ഒക്ടോബർ ഒന്നിനാണ് ഷട്ട്ഡൗൺ പ്രാബല്യത്തിൽ വന്നത്. സർക്കാർ ചിലവുകൾക്കായുള്ള ധന അനുമതി ബിൽ സെനറ്റിൽ പരാജയപ്പെട്ടതോടെയാണ് അമേരിക്ക അടച്ചുപൂട്ടലിലേക്ക് കടന്നത്.

ഒക്ടോബർ ഒന്ന് മുതൽ സെപ്തംബർ 30 വരെയാണ് അമേരിക്കൻ സാമ്പത്തിക വർഷം. പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ധനബിൽ ഒക്ടോബർ ഒന്നിന് മുമ്പ് പാസാക്കണം. എന്നാൽ ആരോഗ്യ രംഗത്തെ ഫണ്ട് വിനിയോഗങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് ഇത്തവണ ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കും സെനറ്റിൽ സമവായത്തിൽ എത്താനായില്ല. ഇതോടെയാണ് പ്രതിസന്ധികൾക്ക് തുടക്കമായത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കോടികളുടെ നഷ്ടമാണ് ഈ അടച്ചുപൂട്ടലിൽ ഉണ്ടായിരിക്കുന്നത്. ഇരുകൂട്ടരും എന്ന് സമവായത്തിലെത്തി ഈ തർക്കം എന്ന് അവസാനിക്കും എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഷട്ട്ഡൗണിന്റെ ഭാ​ഗമായി നിരവധി ​ഗവൺമെന്റ് സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ 1.4 മില്യൺ ഫെഡറൽ ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിലോ ശമ്പളമില്ലാതെ ജോലി ചെയ്യുകയോയാണ്. ഷട്ട്ഡൗൺ എത്രനാൾ നീണ്ടുനിൽക്കും എന്നതിനെ ആശ്രയിച്ചാവും അടച്ചപൂട്ടൽ ആഘാതത്തിന്റെ വ്യാപ്തി വ്യക്തമാവുക. ഇതിന് മുമ്പേ ഉണ്ടായ വലിയ ഷട്ട്ഡൗണും 2018ൽ അന്നത്തെ ട്രംപ് ഭരണകൂടത്തിന്റെ കീഴിലായിരുന്നു. ആ ഷട്ട്ഡൗൺ 35 ദിവസം നീണ്ടുനിന്നു. അമേരിക്കൻ രാഷ്ട്രീയത്തിൽ ബജറ്റ് തർക്കങ്ങൾ സാധാരണമാണ്. 2025 ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ ട്രംപ് ഫെഡറൽ ജീവനക്കാരുടെ എണ്ണം ​ഗണ്യമായി വെട്ടിച്ചുരുക്കാൻ നീക്കമാരംഭിച്ചിരുന്നു. അതുകൊണ്ടാണ് നിലവിലത്തെ ഷട്ട്ഡൗണിൽ ജോലി സ്ഥിരമായി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഭൂരിഭാ​ഗം ജീവനക്കാരും.

ഷട്ട്ഡൗൺ ആരംഭിച്ചതിന് ശേഷം അമേരിക്കയിൽ സാധാരണക്കാരുടെ ജീവിതം താറുമാറായിരിക്കുകയാണ്. ഫെഡറൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി. എയർട്രാഫിക് കൺട്രോളർമാരുടെയും എയർപോർട്ട് ജീവനക്കാരും ശമ്പളമില്ലാതെയാണ് ജോലിയിൽ തുടരുന്നത്. ഇത് വിമാനസർവ്വീസുകളെയും ബാധിച്ചു. ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സർവീസുകൾ നിർത്തലാക്കാനാണ് നിലവിലത്തെ സർക്കാർ തീരുമാനം. ഇത് രാജ്യത്തെ 40 എയർപോർട്ടുകളെയെങ്കിലും ബാധിക്കും. ഇത് പ്രതിദിനം നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുന്നതിലേക്ക് നയിച്ചുകഴിഞ്ഞു. ഇത്രയധികം വിമാന സർവീസുകൾ റദ്ദാവുന്നത് അമേരിക്കയിൽ പതിവുള്ളതല്ല. സർക്കാർ സേവനങ്ങളെ ആശ്രയിക്കുന്ന ചെറിയ വരുമാനക്കാരും ഷട്ട്ഡൗണിന്റെ പ്രതിസന്ധിയിലാണ്.

അമേരിക്കയിൽ എട്ടിൽ ഒരാൾ സപ്ലിമെന്റൽ ന്യൂട്രീഷ്യൻ അസിസ്റ്റൻസ് പ്രോ​ഗ്രാം വഴിയുള്ള ഭക്ഷ്യ സഹായത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഫണ്ടിങ് നിന്നതോടെ ഇക്കാര്യവും പരുങ്ങലിലാണ്. ആര്‍ക്കും വിശന്നിരിക്കേണ്ടിവരില്ലെന്ന് പ്രസിഡന്‍റ് ട്രംപ് ഉറപ്പുനല്‍കിയെങ്കിലും, സാങ്കേതിക പ്രശ്നങ്ങള്‍ പ്രതിസന്ധിയാകുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു