ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങിന്‍റെ സ്നേഹസമ്മാനമായി പിങ് പിങ്, ഫു ഷുവാങ് എന്നീ രണ്ട് ഭീമൻ പാണ്ഡകൾ അമേരിക്കയിലെ അറ്റ്‌ലാന്‍റയിൽ എത്തി.10 വർഷത്തേക്കാണ് ഇവയെ അറ്റ്‌ലാന്‍റ മൃഗശാലയ്ക്ക് കൈമാറിയിരിക്കുന്നത്.

അറ്റ്‌ലാന്‍റ: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങിന്‍റെ സ്നേഹസമ്മാനമായി രണ്ട് ഭീമൻ പാണ്ഡകളെ അമേരിക്കയിൽ എത്തിച്ചു. പാണ്ഡകളെ ബോയിങ് 777 വിമാനത്തിൽ അറ്റ്‌ലാന്‍റയിലാണ് എത്തിച്ചത്. പിങ് പിങ്, ഫു ഷുവാങ് എന്നീ പാണ്ഡകൾ അറ്റ്‌ലാന്റയിലെ ഹാർട്സ്ഫീൽഡ്-ജാക്സൺ വിമാനത്താവളത്തിൽ വന്നിറങ്ങി. ഷി ജിൻപിങ് കഴിഞ്ഞ ദിവസം യുഎസ് സന്ദർശനത്തിനിടെ പാണ്ഡകളെ യുഎസിലേക്ക് അയക്കുമെന്ന് പറഞ്ഞിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള സൗഹൃദത്തിന്‍റെ ദൂതന്മാരാണ് ഈ പാണ്ഡകളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

പാണ്ഡകളെ കൈമാറിയാലും അവയുടെ ഉടമസ്ഥാവകാശം ചൈനയ്ക്ക് തന്നെയാണ്. 'പാണ്ഡ നയതന്ത്രം' വഴി ഭീമൻ പാണ്ഡകളെ മറ്റ് രാജ്യങ്ങളിലെ മൃഗശാലകൾക്ക് കുറച്ചു കാലത്തേക്ക് കൈമാറുകയാണ് ചെയ്യുന്നത്. വിദേശത്ത് വെച്ച് ജനിക്കുന്ന പാണ്ഡ കുഞ്ഞുങ്ങളുടെ അവകാശവും ചൈനയ്ക്ക് തന്നെ. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ദുർബല വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ് ഭീമൻ പാണ്ഡകൾ. നിലവിൽ ഏകദേശം 1900 ഭീമൻ പാണ്ഡകൾ മാത്രമേയുള്ളൂവെന്നാണ് കണക്ക്.

അറ്റ്‌ലാന്‍റ മൃഗശാലയും ചൈനീസ് വൈൽഡ് ലൈഫ് കൺസർവേഷൻ അസോസിയേഷനും ഇടയിലുള്ള പുതിയ കരാറിന്റെ ഭാഗമായി പിങ് പിങ്, ഫു ഷുവാങ് എന്നീ പാണ്ഡകൾ 10 വർഷം ഇവിടെ തുടരും. ഒരു മാസത്തെ ക്വാറന്‍റൈന് ശേഷം പൊതുജനങ്ങൾക്ക് ഇവയെ കാണാം ഇത് മൃഗശാലയെ സംബന്ധിച്ച് സന്തോഷം നിറഞ്ഞ ദിവസവും, അറ്റ്ലാന്റ നഗരത്തിനും ജോർജിയ സംസ്ഥാനത്തിനും ഇതൊരു ചരിത്രപരമായ നിമിഷവുമാണെന്ന് സൂ അറ്റ്ലാന്റ പ്രസിഡന്റ് റേമണ്ട് കിംഗ് പ്രസ്താവനയിൽ പറഞ്ഞു.

അറ്റ്ലാന്റ മൃഗശാലയിൽ 1999 മുതൽ 2024 വരെ പാണ്ടകളെ പാർപ്പിച്ചിരുന്നു. ലുൻ ലുൻ, യാങ് യാങ് എന്നീ പാണ്ടകളെ 2024 ഒക്ടോബറിൽ ചൈനയ്ക്ക് തിരികെ നൽകി. ഇക്കാലയളവിൽ ഇരട്ടക്കുട്ടികൾ ഉൾപ്പെടെ ഏഴ് കുഞ്ഞുങ്ങൾ ഉണ്ടായി. വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ സൂവിലും സാൻ ഡിയാഗോ സൂവിലും ചൈന താൽക്കാലികമായി നൽകിയ ഭീമൻ പാണ്ടകളുണ്ട്.