അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും ചർച്ചകൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഇറാന്റെ സമാധാന നിർദ്ദേശം തള്ളിയെങ്കിലും കൂടുതൽ ചർച്ചകൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകി. ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മധ്യസ്ഥതയിൽ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

വാഷിങ്ടണ്‍: അമേരിക്കയും ഇറാനും വീണ്ടും ചർച്ചകൾ നടത്തിയേക്കുമെന്ന് റിപ്പോർട്ട്. കൂടുതൽ ചർച്ചകൾക്ക് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിർദേശം നൽകിയെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. അടുത്ത ആഴ്ച ചർച്ചകൾ നടന്നേക്കും. ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശം തള്ളി ഒരു ദിവസത്തിന് ശേഷമാണ് കൂടുതൽ ചർച്ചകൾക്ക് ട്രംപ് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം ആക്രമണത്തെ പ്രതിരോധിക്കുന്നതിനൊപ്പം നയതന്ത്ര ചർച്ചകൾക്കും തയ്യാറാണെന്ന നിലപാടിലാണ് ഇറാൻ.

യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന ഭിന്നതകൾ പരിഹരിക്കാൻ ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇരു വിഭാഗങ്ങൾക്കുമിടയിൽ സജീവമായി ഇടപെടുന്നുണ്ട്. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാൻ തയ്യാറാണെന്ന നിർദേശമാണ് ഇറാൻ യുഎസിന് മുന്നിൽ വച്ചത്. പകരം ഇറാനിയൻ തുറമുഖങ്ങളിലെ നാവിക ഉപരോധം നീക്കണമെന്നും എണ്ണ കയറ്റുമതിയുടെ മേലുള്ള ഉപരോധം പിൻവലിക്കണമെന്നും മേഖലയിലെ വെടിനിർത്തൽ നടപ്പാക്കണമെന്നും ഇറാൻ അമേരിക്കയോട് ആവശ്യപ്പെട്ടു.

എന്നാൽ ഈ നിർദേശം ഡോണൾഡ് ട്രംപ് തള്ളിക്കളഞ്ഞു. താൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ഉടമ്പടിയല്ല ഇറാൻ മുന്നോട്ടു വച്ചത്. ഒരു വർഷം മുമ്പ് അംഗീകരിക്കാമായിരുന്ന ഒന്നാണ് ഇറാൻ ഇപ്പോൾ മുന്നോട്ടു വെച്ചതെന്നും ട്രംപ് വിമർശിച്ചു. ഇറാൻ സ്വന്തം നിലയിൽ അനാവശ്യമായ വിലപേശലിന് മുതിർന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ഹോർമുസ് കടലിടുക്ക് മുൻനിർത്തി വിലപേശാൻ അനുവദിക്കില്ലെന്ന സന്ദേശമാണ് ട്രംപ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഇറാന് മേൽ വീണ്ടും സൈനിക ആക്രമണങ്ങൾ നടത്താൻ ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ആ കാര്യം താൻ എപ്പോഴും ചിന്തിക്കുന്നുണ്ട് എന്നായിരുന്നു ട്രംപിന്റെ മറുപടി. ഈ സാഹചര്യത്തിൽ വീണ്ടും ചർച്ചകൾ നടന്നാലും എന്തെങ്കിലും പരിഹാരം ഉണ്ടാകുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.