
റിയാദ്: സൗദി അറേബ്യയിലെ തലസ്ഥാന നഗരമായ റിയാദിൽ നടന്ന അമേരിക്ക- അറബ് ഉച്ചകോടിക്ക് സമാപനം. ചരിത്ര പ്രധാനമായ മിഡിൽ ഈസ്റ്റ് സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെയാണ് റിയാദിലെത്തിയത്. കൂടാതെ ഉച്ചകോടിയിൽ പങ്കെടുക്കാൻ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെയും കിരീടാവകാശി മുഹമ്മദി ബിൻ സൽമാന്റെയും ക്ഷണപ്രകാരം അറബ് രാജ്യങ്ങളിലെ നേതാക്കളും സൗദിയിലെത്തിയിരുന്നു.
ഉച്ചകോടിയിൽ ട്രംപ് നടത്തിയ പ്രസംഗത്തിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ രൂക്ഷമായി വിമർശിച്ചു. ജോ ബൈഡൻ കഴിവില്ലാത്തയാളാണെന്നും രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാൻ ബൈഡന് കഴിഞ്ഞില്ലെന്നും അന്ന് താനായിരുന്നു അധികാരത്തിൽ വന്നതെങ്കിൽ പല ആക്രമണങ്ങളും സംഭവിക്കില്ലായിരുന്നെന്നും ട്രംപ് പ്രസംഗത്തിൽ പറഞ്ഞു. തീവ്രവാദം സ്പോൺസർ ചെയ്യുന്നത് നിർത്തിയാൽ ഇറാനുമായി ഡീലിന് തയാറാണെന്നും ട്രംപ് അറിയിച്ചു. പ്രസംഗത്തിനിടെ ഗാസ വിഷയത്തിലും ട്രംപ് തന്റെ നിലപാട് വ്യക്തമാക്കി. പലസ്തീൻ ജനതയുടെ സുരക്ഷയും അന്തസിനും വേണ്ടി താനും പ്രതീക്ഷ വെക്കുന്നുണ്ടെന്നും ഗാസയിൽ 'നയിക്കുന്നവരുടെ' ക്രൂരതകളാണ് ഇക്കാര്യത്തിൽ തടസ്സമെന്നും ട്രംപ് പറഞ്ഞു.
ഉച്ചകോടിക്കായി യുഎഇ പ്രസിഡന്റിനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനി, കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ ജാബിൽ അൽ സബാഹ്, ബഹറൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ എന്നിവർ സൗദിയിലെത്തിയിരുന്നു. ഒമാനെ പ്രതിനിധീകരിച്ച് ഒമാൻ ഉപപ്രധാനമന്ത്രിയാണ് പങ്കെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam