വ്യോമത്താവളങ്ങൾ ഉപയോഗിക്കാൻ സ്പെയിൻ അനുമതി നിരസിച്ചതോടെ യുഎസ്–സ്പെയിൻ സംയുക്ത നിയന്ത്രണത്തിലുള്ള റോട്ട, മൊറോൺ താവളങ്ങളിൽനിന്നും 15 യുഎസ് വിമാനങ്ങൾ തിരിച്ച് പോയി.

മാഡ്രിഡ്: ഇറാനെതിരെ ആക്രണം നടത്താൻ തങ്ങളുടെ വ്യോമത്താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പെയിൻ. ഇതോടെ യുഎസ് യുദ്ധവിമാനങ്ങൾ രാജ്യം വിട്ടു. ഇറാനെതിരായ യുഎസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തെ സ്പെയിൻ അപലപിച്ചു. ഇറാനെതിരായ യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുന്നതും ന്യായീകരിക്കാനാവാത്തതുമാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തുറന്നടിച്ചു. സ്പെയിനിൽ പ്രധാനമായും രണ്ട് വലിയ സൈനിക കേന്ദ്രങ്ങളാണ് അമേരിക്കയ്ക്കുള്ളത്. റോട്ട നേവൽ ബേസും മോറോൺ എയർ ബേസും. ഇവ രണ്ടും സ്പാനിഷ് സേനയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.

വ്യോമത്താവളങ്ങൾ ഉപയോഗിക്കാൻ സ്പെയിൻ അനുമതി നിരസിച്ചതോടെ യുഎസ്–സ്പെയിൻ സംയുക്ത നിയന്ത്രണത്തിലുള്ള റോട്ട, മൊറോൺ താവളങ്ങളിൽനിന്നും 15 യുഎസ് വിമാനങ്ങൾ തിരിച്ച് പോയി. ജർമനിയിലെ റാംസ്റ്റീൻ വ്യോമത്താവളത്തിലേക്കാണ് വിമാനങ്ങൾ പോയത്. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ് റഡാർ 24 പ്രകാരം, 15 യുഎസ് വിമാനങ്ങൾ തെക്കൻ സ്‌പെയിനിലെ താവളങ്ങളിൽ നിന്ന് പോയിട്ടുണ്ട്. കുറഞ്ഞത് ഏഴ് വിമാനങ്ങളെങ്കിലും ജർമനിയിലെ റാംസ്റ്റൈൻ എയർബേസിൽ ഇറങ്ങിയതായും ഫ്ലൈറ്റ് റഡാറിൽ കാണിക്കുന്നു.

സംയുക്ത ഉപയോഗ ക്രമീകരണത്തിന് കീഴിലാണ് സ്പെയിനിലെ യുഎസ് താവളങ്ങൾ പ്രവർത്തിക്കുന്നത്, പക്ഷേ അവ സ്പാനിഷ് പരമാധികാരത്തിന് കീഴിലാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളെയും സ്പെയിൻ അപലപിച്ചു. ഇറാനെതിരായ ആക്രമണത്തിന് നേരത്തെ ബ്രിട്ടൻ തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാൻ വിസമ്മതിച്ചിരുന്നു. എന്നാൽ പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് ആസ്തികളെയും ഗൾഫ് മേഖലയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാൻ പ്രത്യാക്രമണങ്ങളോടെ ഞായറാഴ്ച, പ്രധാനമന്ത്രി സ്റ്റാർമർ അവ ഉപയോഗിക്കാൻ അനുമതി നൽകി.