മറ്റുരാജ്യങ്ങളോട് അരുതെന്ന് വിലക്കും, സ്വന്തം കാര്യം വരുമ്പോള്‍ സ്വാഹ! ചൈനയില്‍നിന്ന് ഏറ്റവും കൂടുതല്‍ വായ്പയെടുത്ത രാജ്യം അമേരിക്ക

Published : Nov 20, 2025, 12:03 AM IST
trump xi jinping

Synopsis

കഴിഞ്ഞ ദശകത്തിലേറെയായി, ചൈന കൊള്ളയടിക്കുന്ന വായ്പക്കാരനാണെന്നും വായ്പകളിലൂടെ ചൈന മറ്റു രാജ്യങ്ങളെ നിയന്ത്രിക്കുകയാണെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കുകയാണ്.

വാഷിംങ്ടൺ: ചൈനയില്‍നിന്ന് വായ്പയെടുക്കുന്നതില്‍ മറ്റുരാജ്യങ്ങളെ വിലക്കുന്ന അമേരിക്ക, 2000-2023 കാലത്ത് 20,000 കോടി ഡോളറിലേറെ (18 ലക്ഷം കോടി യോളം രൂപ) വായ്‌പ വായ്‌പ ചൈനയില്‍ നിന്ന് സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ 2.2 ലക്ഷം കോടി ഡോളറിൻ്റെ വായ്പയാണ് ചൈന ലോകമാകമാനം നല്‍കിയത്. യുഎസിലെ വില്യം ആൻഡ് മേരി സർവകലാശാലയിലെ ഗവേഷണ ലാബായ എയ്‌ഡ്‌ഡേറ്റ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ടെക്സസിലെയും ലൂയിസിയാനയിലെയും എൽഎൻജി പദ്ധതികൾ, വിവിധ വിമാനത്താവളങ്ങളുടെ വികസനം തുടങ്ങിയവയ്ക്കെല്ലാം ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നാണ് അമേരിക്കന്‍ സ്ഥാപനങ്ങള്‍ വായ്പയെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആഗോളതലത്തിൽ ചൈനയില്‍നിന്ന് ഏറ്റവും കൂടുതൽ വായ്പ സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നും അമേരിക്കയാണ്. 2000 നും 2023 നും ഇടയിൽ 200 ലധികം രാജ്യങ്ങളിലായി 2.2 ട്രില്യൺ ഡോളറിന്‍റെ സഹായം ചൈന നല്‍കി. ചൈനീസ് ധനസഹായം വികസ്വര രാജ്യങ്ങളിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടെന്ന പൊതു അനുമാനത്തിന് വിരുദ്ധമാണ് റിപ്പോര്‍ട്ട്.

ചൈനയുടെ വിദേശ വായ്പാ പ്രവർത്തനങ്ങളിൽ മുക്കാൽ ഭാഗത്തിലധികവും ഇപ്പോൾ ഉയർന്നതോ ഇടത്തരം വരുമാനമുള്ളതോ രാജ്യങ്ങളിലെ പദ്ധതികള്‍ക്കാണ് നല്‍കുന്നതെന്നും അടിസ്ഥാന സൗകര്യങ്ങൾ, ധാതുക്കൾ, ചൈനയുടെ ദേശീയ സുരക്ഷാ ലക്ഷ്യങ്ങൾക്ക് ആസ്തികൾ ഏറ്റെടുക്കൽ എന്നിവയിലാണ് കൂടുതല്‍ പണം വായ്പയായി നല്‍കുന്നതെന്നും പറയുന്നു.

കഴിഞ്ഞ ദശകത്തിലേറെയായി, ചൈന കൊള്ളയടിക്കുന്ന വായ്പക്കാരനാണെന്നും വായ്പകളിലൂടെ ചൈന മറ്റു രാജ്യങ്ങളെ നിയന്ത്രിക്കുകയാണെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കുകയാണ്. വികസ്വര രാജ്യങ്ങള്‍ സഹായം തേടിയെത്തിയതോടെ ചൈന ഏറ്റവും വലിയ ഔദ്യോഗിക വായ്പാദാതാവായി മാറി. അതേസമയം, ചൈന രാജ്യങ്ങളെ സുസ്ഥിരമല്ലാത്ത കടത്തിലേക്ക് തള്ളിവിടുന്നുവെന്ന വിമർശനവും ഉയർന്നുവന്നു. യുഎസിലെ ഏകദേശം 2,500 പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കുമായാണ് ചൈനീസ് വായ്പ ഉപയോഗിച്ചത്.

2000 മുതൽ ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ യുഎസ് ഹൈടെക് കമ്പനികളുടെ ഏറ്റെടുക്കലിനും എൽഎൻജി പദ്ധതികൾ, ഊർജ്ജ പൈപ്പ്‌ലൈനുകൾ, പവർ ട്രാൻസ്മിഷൻ ലൈനുകൾ, എയർപോർട്ട് ടെർമിനലുകൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും ധനസഹായം നൽകിയിട്ടുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. യുകെക്ക് 60 ബില്യൺ ഡോളറും യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്ക് 161 ബില്യൺ ഡോളറും ചൈനയില്‍ നിന്ന് വായ്പയായി ലഭിച്ചതായി എയ്ഡ്ഡാറ്റ റിപ്പോർട്ട് ചെയ്യുന്നു.

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം