
അമേരിക്കയിലെ മിനിയാപൊളിസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ ഒരു സ്ത്രീയെ യു എസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ വെടിവെച്ചുകൊന്നു. അമേരിക്കൻ പൗരത്വമുള്ള 37 വയസ്സുകാരി റെനി നിക്കോൾ ഗുഡ് ആണ് കൊല്ലപ്പെട്ടത്. യുവതി ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ വെടിയേറ്റു മരിച്ച സംഭവത്തിൽ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നിട്ടുള്ളത്. ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആണ് വെടിവെച്ചതെന്ന വാദം ദൃക്‌സാക്ഷികൾ തള്ളിയതോടെയാണ് വലിയ പ്രതിഷേധം ഉയർന്നത്. റെനിയുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള പ്രകോപനങ്ങൾ ഉണ്ടായിട്ടില്ലെന്ന് സാക്ഷികൾ മൊഴി നൽകിയതോടെ യു എസ് ഇമിഗ്രേഷൻ വകുപ്പ് പ്രതിക്കൂട്ടിലായിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി രണ്ടായിരത്തോളം ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെയാണ് നിലവിൽ മിനിയാപൊളിസിൽ വിന്യസിച്ചിരിക്കുന്നത്. ഈ പരിശോധനകളുടെ ഭാഗമായാണ് റെനി നിക്കോൾ ഗുഡിന് നേരെ ഉദ്യോഗസ്ഥൻ വെടിവെപ്പ് നടത്തിയതെന്നാണ് വ്യക്തമാകുന്നത്. ഇതിന് പിന്നാലെ നഗരത്തിൽ ഉയർന്ന വലിയ സംഘർഷാവസ്ഥയും പ്രതിഷേധങ്ങളും ഇപ്പോഴും തുടരുകയാണ്.
മിനിയാപൊളിസിൽ കൊല്ലപ്പെട്ട റെനി നിക്കോൾ ഗുഡ് അതിശയിപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്നാണ് അമ്മ ഡോണ ഗാഞ്ചർ പറഞ്ഞത്. റെനി താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുവെച്ചാണ് ഉദ്യോഗസ്ഥൻ അവളെ വെടിവെച്ചുകൊന്നതെന്നും അമ്മ വ്യക്തമാക്കി. പൊലീസ് ആരോപിക്കുന്നത് പോലെയല്ല സംഭവമെന്നും മകൾ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും എന്തിനെങ്കിലും എതിരെ പ്രതിഷേധിക്കുന്ന സ്വഭാവക്കാരിയല്ല റെനിയെന്നും അമ്മ വിവരിച്ചു. റിനി കൊല്ലപ്പെട്ടത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഡോണ പറഞ്ഞു.
കൊളറാഡോ സ്വദേശിയായ റെനി ഒരു കവയിത്രിയും എഴുത്തുകാരിയുമായിരുന്നു. വെർജീനിയയിലെ ഓൾഡ് ഡൊമിനിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിയേറ്റീവ് റൈറ്റിംഗിൽ ബിരുദം നേടിയ റെനി മികച്ച കവിതയ്ക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. ആറ് വയസുള്ള ഒരു കുട്ടിയടെ അമ്മയായിരുന്നു ഇവർ. റെനി ഒരു ഭീകരവാദിയാണെന്ന രീതിയിലുള്ള ചില ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾ പ്രതിഷേം ശക്തമാകാൻ കാരണമായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam