
വെനസ്വേലൻ എണ്ണവ്യാപാരത്തിന് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം കർശനമായി നടപ്പാക്കി അമേരിക്ക. വെനസ്വേലയുമായി ബന്ധമുള്ള റഷ്യൻ പതാക വഹിച്ച എണ്ണക്കപ്പൽ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് യുഎസ് സൈന്യം പിടിച്ചെടുത്തു. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് 'മരിനേര' (ബെല്ല-1)എന്ന എണ്ണക്കപ്പൽ പിടിച്ചെടുത്തതെന്ന് യുഎസ് സൈന്യത്തിന്റെ യൂറോപ്യൻ കമാൻഡ് അറിയിച്ചു. ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള വെനസ്വേലൻ എണ്ണയുടെ നീക്കം ലോകത്തിന്റെ ഏത് ഭാഗത്തായാലും തടയുമെന്നും ഉപരോധം പൂർണ്ണമായി നിലനിൽക്കുന്നുണ്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി.
വെനസ്വേലയിലേക്കും തിരിച്ചുമുള്ള എണ്ണ കപ്പലുകൾക്ക് യുഎസ് ഏർപ്പെടുത്തിയിട്ടുള്ള സമുദ്ര ഉപരോധം മറികടക്കാനും, യുഎസ് കോസ്റ്റ് ഗാർഡിന്റെ പരിശോധനകളെ ചെറുക്കാനും ശ്രമിച്ചുവെന്നാരോപിച്ചാണ് കപ്പൽ പിടിച്ചെടുത്തത്. വെനസ്വേല, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്കായി ഉപരോധം ലംഘിച്ച് എണ്ണ കടത്തുന്ന 'ഷാഡോ ഫ്ലീറ്റ്' എന്നറിയപ്പെടുന്ന കപ്പലുകളുടെ കൂട്ടത്തിൽപ്പെട്ടതാണ് മരിനേരയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ആരോപിച്ചു. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് യുഎസ് സൈന്യം കപ്പലിൽ ഇറങ്ങിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കപ്പലിന് മുകളിൽ ഹെലികോപ്റ്റർ വട്ടമിട്ടു പറക്കുന്ന ദൃശ്യങ്ങളും അവർ പുറത്തുവിട്ടു.
കഴിഞ്ഞ ശനിയാഴ്ച വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോകുന്നതിനായി യുഎസ് നടത്തിയ സൈനിക നടപടിക്ക് മുന്നോടിയായി, കഴിഞ്ഞ മാസം മുതൽ തന്നെ അറ്റ്ലാന്റിക് സമുദ്രത്തിൽ കപ്പലിനെ യുഎസ് സേന പിന്തുടരുന്നുണ്ടായിരുന്നുവെന്നാണ് വിവരം. കടലിലെ ശക്തമായ കൊടുങ്കാറ്റിനിടെയും കപ്പൽ പിടിച്ചെടുക്കാൻ മുൻപ് ശ്രമം നടന്നിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam