
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ സമാധാന ചർച്ചകൾക്കായുള്ള നയതന്ത്ര ധാരണകളുടെ അടിസ്ഥാനത്തിലുള്ള പതിനാലിന പട്ടിക ഇറാൻ മാധ്യമമായ മെഹർ ന്യൂസ് ഏജൻസി പ്രസിദ്ധീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള കടുത്ത സൈനിക - സാമ്പത്തിക തർക്കങ്ങൾക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിർദ്ദേശങ്ങൾ. ലബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കും, ഇറാന്റെ ആഭ്യന്തര വിഷയങ്ങളിൽ അമേരിക്ക ഇടപെടില്ല, ഇറാന്റെ അതിർത്തി പരിധികളിൽ നിന്ന് അമേരിക്കൻ സേനയെ പിൻവലിക്കണം എന്നിവയാണ് ധാരണ പട്ടികയിലെ പ്രധാന കാര്യങ്ങളെന്ന് മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ നാവിക ഉപരോധവും എണ്ണ ഉപരോധവും മുപ്പത് ദിവസത്തിനുള്ളിൽ അമേരിക്ക നീക്കം ചെയ്യുമെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. പകരമായി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് മുപ്പത് ദിവസത്തിനകം തുറന്നുകൊടുക്കാൻ ഇറാനും സമ്മതിച്ചിട്ടുണ്ടെന്നും മാധ്യമ റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ പുനർനിർമ്മാണത്തിനായി അമേരിക്കയും സഖ്യകക്ഷികളും 30,000 കോടി ഡോളർ നൽകണമെന്നും ഇതോടൊപ്പം മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ 2,400 കോടി ഡോളറിന്റെ ഫണ്ട് ഉടൻ വിട്ടുനൽകുമെന്നും പട്ടികയിലുണ്ട്. ഈ ഫണ്ടിന്റെ പകുതിയെങ്കിലും നൽകിയാൽ മാത്രമേ തുടർചർച്ചകൾ ഉണ്ടാകൂ എന്നാണ് നിലപാട്. ആഗോളതലത്തിൽ ആശങ്കയുയർത്തുന്ന ആണവ വിഷയത്തിൽ അന്തിമ കരാറിലെത്താൻ 60 ദിവസത്തെ ചർച്ചകൾ നടത്തുമെന്നും ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്നും ആണവ നിർവ്യാപന കരാറിലേക്ക് വീണ്ടും മടങ്ങിയെത്തുമെന്നും നിർദ്ദേശമുണ്ട്.
1. ലബനൻ ഉൾപ്പടെ വെടി നിർത്തൽ
2. ഇറാന്റെ ആഭ്യന്തര വിഷയങ്ങളിൽ അമേരിക്ക ഇടപെടില്ല
3. നാവിക ഉപരോധം മുപ്പത് ദിവസത്തിനുള്ളിൽ നീക്കണം
4. ഇറാന്റെ പരിധികളിൽ നിന്ന് സേനയെ അമേരിക്ക പിൻവലിക്കണം
5. ഹോർമുസ് ഇറാൻ മുപ്പത് ദിവസത്തിനുള്ളിൽ തുറക്കും
6. ഇറാന്റെ എണ്ണ ഉപരോധം നീക്കും
7. മുപ്പതിനായിരം കോടി ഡോളർ ഇറാന്റെ പുനർ നിർമാണത്തിന് അമേരിക്കയും കക്ഷികളും നൽകും
8. ആണാവ വിഷയത്തിൽ അന്തിമ കരാറിലേക്ക് 60 ദിവസം ചർച്ച
9. ഇറാൻ ആണവയുധം ഉണ്ടാക്കില്ല. ആണവ നിർവ്യാപന കരാറിലേക്ക് ഇറാൻ വീണ്ടും എത്തും
10. ചർച്ചകൾക്കിടെ സേന ശേഷി അമേരിക്ക ഇനി വർധിപ്പിക്കരുത്
11. 2400 കോടി ഡോളർ ഫണ്ട് ഇറാന് വിട്ടു നൽകും
12. ധാരണ മേൽനോട്ടം വഹിക്കാൻ സമിതി
13. അന്തിമ കരാറിന് യു എൻ സുരക്ഷ കൗൺസിൽ അംഗീകാരം വേണം
14. ഇറാന്റെ ഫണ്ട് പകുതിയെങ്കിലും നൽകിയാൽ മാത്രം തുടർന്ന് ചർച്ച
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam