ലോകത്തിനിത് ഫുട്ബോൾ മാമാങ്കം! ട്രംപിന് കോടികളുടെ കളി, ലോകകപ്പ് കൊണ്ട് കീശ നിറക്കുമോ അമേരിക്ക ?

Published : Jun 12, 2026, 04:46 PM IST
World cup trophy, Donald Trump

Synopsis

2026 ലെ ഫിഫ ലോകകപ്പ് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിഡിപി വർദ്ധനവ്, പുതിയ തൊഴിലവസരങ്ങൾ, ടൂറിസം മേഖലയിലെ ഉണർവ് എന്നിവ പ്രധാന നേട്ടങ്ങളായി കണക്കാക്കപ്പെടുന്നു. ഭൂരിഭാഗം മത്സരങ്ങളും അമേരിക്കയിലാണ് നടക്കുന്നതിനാൽ ഇത് രാജ്യത്തിന് വലിയ സാമ്പത്തിക ഉണർവ് നൽകുമെന്നും പ്രതക്ഷ.

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026-ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേ സമയം, കായികരംഗത്തെ ഈ വലിയ മാമാങ്കം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ. ലോകകപ്പ് നടക്കുമ്പോൾ അമേരിക്കയ്ക്കുണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങളെന്തൊക്കെയാണെന്ന് നോക്കാം.

ജിഡിപിയിലെ വർദ്ധനവ്: 2026-ലെ ലോകകപ്പ് അമേരിക്കയുടെ ജിഡിപിയിൽ 17.2 ബില്യൺ ഡോളറിന്റെ വർദ്ധനവ് ഉണ്ടാക്കുമെന്നാണ് ഫിഫയും ലോക വ്യാപാര സംഘടനയും (WTO) നടത്തിയ പഠനം സൂചിപ്പിക്കുന്നത്.

തൊഴിലവസരങ്ങൾ: ടൂർണമെന്റിന്റെ ഭാഗമായി അമേരിക്കയിൽ ഏകദേശം 200,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഹോസ്പിറ്റാലിറ്റി, ടൂറിസം, ഗതാഗതം, ചില്ലറ വ്യാപാരം തുടങ്ങിയ മേഖലകളിൽ വൻ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നു.

ടൂറിസം: ലോകകപ്പിന്റെ ഭാഗമായി ലക്ഷക്കണക്കിന് വിദേശികൾ അമേരിക്കയിലേക്ക് ഒഴുകിയെത്തും. ഇവർ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഷോപ്പിംഗ് എന്നിവയ്ക്കായി വൻതുക ചെലവഴിക്കുന്നത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും. വരും ദിവസങ്ങളിൽ ലക്ഷക്കണക്കിന് ഹോട്ടൽ മുറികൾ ബുക്ക് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകകപ്പ് അമേരിക്കയ്ക്ക് വലിയ സാമ്പത്തിക ഉണർവ് നൽകുമെന്ന് പറയപ്പെടുമ്പോഴും, അമേരിക്കയുടെ ബൃഹത്തായ സമ്പദ്‌വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ ഈ നേട്ടം താരതമ്യേന കുറവായിരിക്കുമെന്ന വാദവുമുണ്ട്. രാജ്യത്തിന്റെ മൊത്തം ജിഡിപിയിൽ ഇതിന്റെ സ്വാധീനം 0.05% ലധികം വരില്ലെന്നാണ് ചില സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. എന്നാൽ, ഹ്രസ്വകാലാടിസ്ഥാനത്തിൽ ടൂറിസം, സേവന മേഖലകളിൽ വലിയ നേട്ടമുണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല.

ആകെ 104 മത്സരങ്ങൾ നടക്കുന്ന ഈ ടൂർണമെന്റിൽ ഭൂരിഭാഗം മത്സരങ്ങളും അമേരിക്കയിലാണ് നടക്കുന്നത്. ഇത് അമേരിക്കയിലെ നഗരങ്ങൾക്ക് ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധയും അംഗീകാരവും ലഭിക്കാൻ വഴിയൊരുക്കും. കായിക മത്സരങ്ങൾക്കപ്പുറം ഒരു വമ്പൻ സാമ്പത്തിക ഇടപാടായി കൂടി ഈ ലോകകപ്പ് മാറുമെന്നതിൽ സംശയമില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

14 സുപ്രധാന കാര്യങ്ങളിൽ ഇറാനും അമേരിക്കയും ധാരണയായെന്ന് ഇറാൻ മാധ്യമം, സമാധാന ധാരണ പട്ടികയും പുറത്തുവിട്ടു
വളർത്തുനായകളെ പരിശീലിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു, കോമയിൽ കഴിഞ്ഞത് മൂന്ന് വർഷം, തായ് രാജകുമാരി അന്തരിച്ചു