ഇന്ത്യയുടെ അതിര്‍ത്തിക്കടുത്ത് ബ്രഹ്മപുത്ര നദിയിൽ ചൈന നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ മെഡോഗ് ഡാം, സജീവ ഭൂകമ്പ ഭ്രംശരേഖയിലാണെന്ന് ചൈനീസ് പഠനം. ഇത് അണക്കെട്ടിന്റെ ഘടനാപരമായ നിലനിൽപ്പിന് വലിയ വെല്ലുവിളിയാണെന്ന് റിപ്പോർട്ട്.

ബീജിങ്: ഇന്ത്യയുടെ അതിര്‍ത്തിക്കടുത്ത് തിബറ്റിലെ ബ്രഹ്മപുത്ര നദിയില്‍ ചൈന നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർത്തി പഠന റിപ്പോർട്ട്. മെഡോഗ് ഡാം സജീവ ഭൂകമ്പ ഭ്രംശരേഖയ്ക്ക് മുകളിലാണെന്നാണ് ചൈനീസ് ഭൂമിശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ നിന്നും വെറും 50 കിലോമീറ്റര്‍ മാത്രം അകലെ നിര്‍മാണത്തിലിരിക്കുന്ന ഈ മെഗാ ഡാം സ്ഥിതി ചെയ്യുന്ന പ്രദേശം കടുത്ത സുരക്ഷാ ഭീഷണിയുള്ള സ്ഥലമാണെന്ന് ചൈനയുടെ ഔദ്യോഗിക ജിയോളജിക്കല്‍ സര്‍വേയുടെ മേല്‍നോട്ടത്തില്‍ നടന്ന പഠനം മുന്നറിയിപ്പ് നല്‍കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചൈനയിലെ സെഡിമെന്ററി ജിയോളജി ആന്‍ഡ് ടെതിയാന്‍ ജിയോളജി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഡാം സൈറ്റിന് തൊട്ടുതാഴെയായി സജീവ ഭൂകമ്പ മേഖലയുണ്ടെന്നാണ് ചെങ്ഡു യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെയും ചൈനീസ് ജിയോളജിക്കല്‍ സര്‍വേയിലെയും ശാസ്ത്രജ്ഞരുടെ റിപ്പോർട്ട്. ഇത് അണക്കെട്ടിന്റെയും സമീപത്തെ തുരങ്കങ്ങളുടെയും പാലങ്ങളുടെയും ഘടനാപരമായ നിലനില്‍പ്പിന് വലിയ വെല്ലുവിളിയാണ്. ഹിമാലയന്‍ മേഖലയിലെ ഏറ്റവും വലിയ ഭൂകമ്പസാധ്യതാ പ്രദേശങ്ങളിലൊന്നിലാണ് ഡാം സ്ഥിതി ചെയ്യുന്നത്. 2017-ല്‍ ഇവിടെ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. നിരന്തരമായ ഭൂചലനങ്ങള്‍ കാരണം ഇവിടുത്തെ അടിത്തട്ടിലെ പാറകള്‍ക്ക് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇത് അണക്കെട്ടിന്റെ ഭീമമായ ഭാരം താങ്ങാനുള്ള ഭൂമിയുടെ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

ഏകദേശം 137 ബില്യൺ ഡോളർ ചെലവിട്ട് ചൈന നിര്‍മിക്കുന്ന ഈ പദ്ധതിക്ക് 60,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാകും. ചൈനയിലെ പ്രശസ്തമായ ത്രീ ഗോർജസ് ഡാമിന്റെ മൂന്നിരട്ടി ശേഷിയുള്ള ഈ ജലവൈദ്യുത പദ്ധതിക്ക് 2024 ഡിസംബറിലാണ് അനുമതി ലഭിച്ചത്. അണക്കെട്ട് യാഥാര്‍ഥ്യമായി ജലസംഭരണി നിറയുന്നതോടെ പ്രദേശത്ത് കടുത്ത മണ്ണിടിച്ചിലിനും മലയിടിച്ചിലിനും സാധ്യതയുണ്ടെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഇവിടുത്തെ മണ്ണിന്‍റെ ഘടന വളരെ അയഞ്ഞതും ബലമില്ലാത്തതുമാണ്. വെള്ളം കെട്ടിക്കിടക്കുമ്പോള്‍ മണ്ണിലേക്ക് ഇറങ്ങുന്ന ഈര്‍പ്പവും ഭൂകമ്പ സാധ്യതകളും ഒത്തുചേരുമ്പോള്‍ വന്‍ ദുരന്തങ്ങള്‍ക്ക് ഇത് കാരണമായേക്കാം. അതിനാല്‍ നിർമാണ ഘട്ടത്തിലും പ്രവര്‍ത്തന ഘട്ടത്തിലും വലിയ തോതിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. കടുത്ത ഭൂകമ്പസാധ്യതാ മേഖലയില്‍ ഇത്രയും വലിയൊരു അണക്കെട്ടും കോടിക്കണക്കിന് ലിറ്റര്‍ വെള്ളം കൊള്ളുന്ന ജലസംഭരണിയും തകര്‍ന്നാല്‍ ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ ഭീകരമായിരിക്കും എന്നാണ് റിപ്പോർട്ട്.

ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കുമുള്ള ബ്രഹ്മപുത്ര നദിയിലെ ജലമൊഴുക്ക് നിയന്ത്രിക്കാൻ ചൈനയ്ക്ക് ഈ അണക്കെട്ടിലൂടെ സാധിക്കുമെന്ന ആശങ്ക നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ജലപ്രവാഹം തടസ്സപ്പെടുത്തിയാല്‍ ചൈനയിലെ പല പ്രദേശങ്ങളിലും വലിയ പ്രളയമുണ്ടാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കൂടാതെ ബ്രഹ്മപുത്രയിലെ ആകെ ജലത്തിന്റെ 10 മുതല്‍ 15 ശതമാനം മാത്രമാണ് തിബറ്റില്‍ നിന്നുള്ളത്. ബാക്കി ഭൂരിഭാഗവും ഇന്ത്യയിലെ പോഷക നദികളില്‍ നിന്നും മണ്‍സൂണ്‍ മഴയില്‍ നിന്നുമാണ് ലഭിക്കുന്നത്.