'കണ്ടപ്പോള്‍ മുസ്ലിങ്ങളെപ്പോലെ തോന്നി'; കുടുംബത്തെ കാറിടിപ്പിച്ച് കൊല്ലാന്‍ വംശീയവാദിയുടെ ശ്രമം

By Web TeamFirst Published Apr 27, 2019, 11:01 AM IST
Highlights

കടുത്ത വംശീയവാദിയായ ഇസയ്യ ജോള്‍ പീപ്പിള്‍സ് (34) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത സൈനികനാണെന്നും പൊലീസ് അറിയിച്ചു. 

ലോസ് ആ‌ഞ്ചല്‍സ്: കാഴ്ചയില്‍ മുസ്ലിങ്ങളെപ്പോലെ തോന്നിയതിനെ തുടര്‍ന്ന് വംശീയവാദി ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റി. യുഎസിലെ സാന്‍ ഫ്രാന്‍സിസ്കോക്ക് സമീപത്തെ സണ്ണിവെയ്ല്‍ എന്ന സ്ഥലത്താണ് സംഭവം. കടുത്ത വംശീയവാദിയായ ഇസയ്യ ജോള്‍ പീപ്പിള്‍സ് (34) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത സൈനികനാണെന്നും പൊലീസ് അറിയിച്ചു. 

നടന്നു പോകുകയായിരുന്ന സംഘത്തിന് നേരെയാണ് ഇയാള്‍ മനപൂര്‍വം കൊല്ലന്‍ വേണ്ടി കാര്‍ ഇടിച്ചു കയറ്റിയത്. ഒരു കുടുംബത്തിലെ മൂന്ന് ഉള്‍പ്പെടെ എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 13 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ നില അതിഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരുടെ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. 

ആളുകള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റിയ ശേഷം ഇയാള്‍ 'താങ്ക്യൂ ജീസസ്, പ്രൈസ് ജീസസ്' എന്ന് പറഞ്ഞതായി ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. ഇയാള്‍ക്കെതിരെ വിദ്വേഷക്കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. ഇയാള്‍ മാനസിക രോഗത്തിന് വര്‍ഷങ്ങളായി ചികിത്സയിലാണെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചെങ്കിലും ജാമ്യം അനുവദിച്ചില്ല.

click me!