
ഡമാസ്കസ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ രൂക്ഷമായ ആക്രമണവുമായി അമേരിക്ക. അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് ശക്തമായ മറുപടിയായാണ് ആക്രമണം എന്നാണ് അമേരിക്ക വിശദമാക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അടിസ്ഥാന സൗകര്യങ്ങളും ആയുധ കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ളതായിരുന്നു അമേരിക്കയുടെ ഓപ്പറേഷൻ ഹോക്കിയെന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വിശദമാക്കുന്നത്. സിറിയയുടെ മധ്യ ഭാഗത്തായുള്ള നിരവധി ലക്ഷ്യ സ്ഥാനങ്ങളിൽ യുദ്ധ വിമാനം, ഹെലികോപ്ടർ, പീരങ്ക അടക്കമുള്ളവ ഉപയോഗിച്ചാണ് അമേരിക്ക ആക്രമിച്ചിട്ടുള്ളത്. ജോർദ്ദാനിൽ നിന്നുള്ള വിമാനങ്ങളും ഇതിൽ ഉൾപ്പെടുമെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉന്നയിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ഡിസംബർ 13ന് സിറിയയിലെ പാൽമിറയിൽ ഐഎസ് ആക്രമണത്തിൽ രണ്ട് സൈനികരും അമേരിക്കൻ സ്വദേശിയായ ഭാഷാ പരിഭാഷകനും കൊല്ലപ്പെട്ടിരുന്നു. ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് അന്ന് അമേരിക്കയുടെ പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് അന്ന് പ്രതികരിച്ചിരുന്നു.
നിങ്ങൾ അമേരിക്കക്കാരെ ലക്ഷ്യമിട്ടാൽ ശേഷിക്കുന്ന ജീവിതം വേട്ടയാടപ്പെട്ടും കണ്ടെത്തി കൊലപ്പെടുത്തുന്നതും ഉറപ്പാക്കുമെന്നാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സൈനികർക്കെതിരായ ആക്രമണത്തക്കുറിച്ച് പ്രതികരിച്ചത്. സിറിയയിൽ ഭീകരവാദത്തിനെതിരായ പ്രവർത്തനം തുടരുമെന്നും പ്രതിരോധ സെക്രട്ടറി വിശദമാക്കി. അടുത്തിടെയാണ് ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിന് സിറിയ അമേരിക്കയുമായി കൈകോർത്തത്. സിറിയയിലും ഇറാഖിലുമായി 7000ത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഉണ്ടെന്നാണ് യുഎൻ കണക്കുകൾ. 2015 മുതലാണ് അമേരിക്കൻ സേന സിറിയയിൽ നിരീക്ഷണം തുടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam