'ചോരപ്പുഴയൊഴുകും'; സൈനിക നീക്കത്തിനൊരുങ്ങുന്ന അമേരിക്കയ്ക്ക് മുന്നറിയിപ്പ്; തങ്ങളെ ആക്രമിക്കാനായി കള്ളക്കഥ മെനയുന്നുവെന്നും ക്യൂബ

Published : May 19, 2026, 11:01 AM IST
Diaz Canel

Synopsis

അമേരിക്കൻ മാധ്യമ റിപ്പോർട്ടിനെ തുടർന്ന് സൈനിക നടപടിക്കെതിരെ ക്യൂബൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും ഉപരോധം കടുപ്പിച്ച് യുദ്ധത്തിന് ന്യായീകരണം കണ്ടെത്താനാണ് അമേരിക്കയുടെ ശ്രമമെന്നും ക്യൂബ ആരോപിച്ചു. പുതിയ ഉപരോധങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിട്ടുണ്ട്.

ഹവാന: അമേരിക്ക ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടിക്ക് മുതിർന്നാൽ അത് വലിയ രക്തച്ചൊരിച്ചിലിന് കാരണമാകുമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനൽ പറഞ്ഞു. അമേരിക്കൻ മാധ്യമമായ 'ആക്സിയോസ്' പുറത്തുവിട്ട റിപ്പോർട്ടിനെത്തുടർന്നാണ് ക്യൂബയുടെ ഈ ശക്തമായ പ്രതികരണം. ക്യൂബ മുന്നൂറിലധികം സൈനിക ഡ്രോണുകൾ ശേഖരിച്ചെന്നും അവ ഉപയോഗിച്ച് ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവിക താവളം, യുഎസ് സൈനിക കപ്പലുകൾ, ഫ്ലോറിഡയിലെ കീ വെസ്റ്റ് എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായും ആക്സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും സൈനിക ഇടപെടലിന് ന്യായീകരണമുണ്ടാക്കാൻ അമേരിക്ക കെട്ടിച്ചമച്ച കഥയാണിതെന്നും ക്യൂബ ആരോപിച്ചു.

"ക്യൂബ ഒരു ഭീഷണിയല്ല," എന്ന് എക്സിലൂടെ ഡിയാസ് കാനൽ വ്യക്തമാക്കി. യുഎൻ ചാർട്ടർ അനുസരിച്ച് ഏതൊരു രാജ്യത്തെയും പോലെ സ്വയം പ്രതിരോധത്തിന് ക്യൂബയ്ക്കും അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പറഞ്ഞു. ആക്രമിക്കാൻ ആഗ്രഹിക്കുന്നവർ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ചു നാളുകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ വഷളായിരിക്കുകയാണ്. വെനസ്വേലയുമായുള്ള ബന്ധത്തെത്തുടർന്ന് യുഎസ് ഏർപ്പെടുത്തിയ ഉപരോധം കാരണം ക്യൂബയിൽ കടുത്ത ഇന്ധനക്ഷാമവും വൈദ്യുതി തടസ്സവും അനുഭവപ്പെടുന്നുണ്ട്. 1996-ൽ രണ്ട് വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിൽ മുൻ ക്യൂബൻ നേതാവ് റൗൾ കാസ്‌ട്രോയെ (94) പ്രതിയാക്കാൻ യുഎസ് പ്രോസിക്യൂട്ടർമാർ ഒരുങ്ങുന്നതായും വാർത്തകളുണ്ട്. ഇത് ക്യൂബയെ കൂടുതൽ സമ്മർദ്ദത്തിലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. പട്ടിണിയിലാണെങ്കിലും രാജ്യം കീഴടങ്ങില്ലെന്നും തങ്ങളെ ആക്രമിക്കാൻ വന്നാൽ ശക്തമായി നേരിടുമെന്നും ഹവാനയിലെ ജനങ്ങളും പ്രതികരിക്കുന്നുണ്ട്. മേഖലയിൽ മറ്റൊരു യുദ്ധമുണ്ടാകുമോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയർന്നിട്ടുണ്ട്.

അതിനിടെ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും എതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ക്യൂബയുടെ പ്രധാന രഹസ്യാന്വേഷണ ഏജൻസിയായ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസിനെയും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യൂബയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ വൈസ് പ്രസിഡന്റുമായ റോബർട്ടോ ടോമസ് മൊറാലസ് ഒജെഡ, ക്യൂബൻ സൈന്യത്തിലെ ജനറലും വിപ്ലവ സായുധ സേനയുടെ ഉപമേധാവിയുമായ ജോക്വിൻ ക്വിന്റാസ് സോള, മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ റൗൾ വില്ലാർ കെസൽ എന്നിവർക്ക് പുറമെ, ക്യൂബൻ കമ്മ്യൂണിക്കേഷൻ മന്ത്രിയെയും മറ്റ് നിരവധി ഉദ്യോഗസ്ഥരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യൂബൻ ഭരണകൂടത്തെ സാമ്പത്തികമായി തളർത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടികൾ.

വെനസ്വേലയിൽ നിന്നും മെക്സിക്കോയിൽ നിന്നും ക്യൂബയിലേക്ക് ഇന്ധനം എത്തുന്നത് തടയാൻ അമേരിക്ക കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ക്യൂബയിൽ വലിയ തോതിൽ വൈദ്യുതി തടസ്സത്തിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്. ക്യൂബയുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന വിദേശ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടപടിയെടുക്കാൻ അധികാരം നൽകുന്ന ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ഒപ്പുവെച്ചിരുന്നു. അമേരിക്കയുടേത് ക്രൂരമായ സാമ്പത്തിക കടന്നാക്രമണമാണെന്ന് ക്യൂബൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. തങ്ങളുടെ സോഷ്യലിസ്റ്റ് ഭരണസംവിധാനത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് ക്യൂബ നിലപാടെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ് ഇപ്പോഴുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യക്കും നോർവേക്കുമിടയിൽ 'ഹരിത' ബന്ധം; സൗഹൃദം ശക്തിപ്പെടുത്തിയെന്ന് കേന്ദ്രം; ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യമുണ്ടെന്നും പ്രതികരണം
ഇറാനെ ഇന്ന് ആക്രമിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്; നടപടി ​ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച്