
ദില്ലി: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിച്ചിരുന്ന സിഖ് മുത്തശ്ശി ഹർജിത് കൗറിന് തടങ്കലിൽ വെച്ച് യുഎസ് അധികൃതര്‍ ഭക്ഷണവും മരുന്നും നിഷേധിച്ചതായി ആരോപണം. മരുന്ന് കഴിക്കാൻ വെള്ളം ചോദിച്ചപ്പോൾ ഐസ് കട്ടകൾ നൽകുകയും, തനിക്ക് പല്ലില്ലാത്തതിനാൽ ചവയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ഒരു യുഎസ് ഗാർഡ്, ഇത് നിങ്ങളുടെ തെറ്റാണ് എന്ന് ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. യുഎസിലെ അഭിഭാഷകനായ ദീപക് അലുവാലിയയാണ് 73കാരിയായ ഹർജിത് കൗറിന്‍റെ ഈ ദുരവസ്ഥ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.
തടങ്കലിൽ വെച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ICE) ഉദ്യോഗസ്ഥർ ഹർജിത് കൗറിനോട് അംഗീകരിക്കാൻ കഴിയാത്ത രീതിയിലാണ് പെരുമാറിയതെന്ന് അലുവാലിയ ആരോപിച്ചു. മുട്ടിന് രണ്ട് തവണ ശസ്ത്രക്രിയ കഴിഞ്ഞിട്ടും കൗറിന് കിടക്ക നൽകിയില്ലെന്നും 60-70 മണിക്കൂറോളം തറയിൽ കിടക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. "അവർക്ക് കിടക്ക നൽകിയില്ല. ഒരു കോൺക്രീറ്റ് ബെഞ്ചാണ് അവിടെ ഉണ്ടായിരുന്നത്. അവർക്ക് ഒരു പുതപ്പ് നൽകി തറയിൽ കിടക്കാൻ നിർബന്ധിച്ചു. മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ കാരണം അവർക്ക് തറയിൽ കിടന്നതിനാല്‍ എഴുന്നേൽക്കാൻ കഴിഞ്ഞില്ല."
"മരുന്ന് കഴിക്കാൻ വേണ്ടി അവർ ഭക്ഷണം ആവശ്യപ്പെട്ടു. ആ അഭ്യർത്ഥനകൾ അവഗണിക്കപ്പെട്ടു. അവർക്ക് ആകെ ലഭിച്ചത് ഒരു ചീസ് സാൻഡ്‌വിച്ചാണ്. വീണ്ടും മരുന്ന് കഴിക്കാൻ വെള്ളമോ ഭക്ഷണമോ ചോദിച്ചപ്പോൾ അവർക്ക് ഐസ് കട്ടകളുള്ള ഒരു പ്ലേറ്റ് നൽകി. തനിക്ക് പല്ലില്ലാത്തതിനാൽ അത് കഴിക്കാൻ കഴിയില്ലെന്ന് അവർ വിശദീകരിച്ചു. അപ്പോൾ ഗാർഡ് പറഞ്ഞത്, 'അത് നിങ്ങളുടെ തെറ്റാണ്' എന്നാണ്," അലുവാലിയ കൂട്ടിച്ചേർത്തു.
തടങ്കലിൽ വെച്ച സമയം മുഴുവനും കൗറിന് കുളിക്കാനും അനുവാദം നൽകിയില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. "തിങ്കളാഴ്ച (സെപ്റ്റംബർ 22) വിമാനയാത്രയ്ക്ക് മുമ്പ്, അവര്‍ക്കും മറ്റ് ചില തടവുകാർക്കും വെറ്റ് വൈപ്സുകൾ നൽകി. വിമാനത്തിൽ കയറുന്നതിന് മുമ്പ് വൃത്തിയാകാനും നിർദ്ദേശിച്ചു. ജോർജിയയിൽ നിന്ന് അർമേനിയയിലേക്കും അവിടെ നിന്ന് ദില്ലിയിലേക്കും യുഎസ് അധികൃതര്‍ ചാർട്ടർ ചെയ്ത വിമാനത്തിലാണ് അവർ വന്നത്," അദ്ദേഹം പറഞ്ഞു. "ഭാഗ്യവശാൽ, അവർ അവളെ കൈവിലങ്ങ് വെച്ചില്ല. നേരത്തെ ഒരു ഉദ്യോഗസ്ഥൻ കൈവിലങ്ങ് വെക്കാൻ ശ്രമിച്ചെങ്കിലും പ്രായം കണക്കിലെടുത്ത് ഒഴിവാക്കാൻ മറ്റൊരാൾ നിർദ്ദേശിച്ചു," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹർജിത് കൗറിന്‍റെ കുടുംബം സാധാരണ വിമാനത്തിൽ തിരിച്ചയക്കാൻ അഭ്യർത്ഥിച്ചിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞു. കുടുംബാംഗങ്ങളെ കാണാൻ കുറച്ച് സമയം അനുവദിക്കണമെന്ന ആവശ്യം പോലും അംഗീകരിച്ചില്ലെന്ന് കുടുംബം പറയുന്നു. ശനിയാഴ്ച ജോർജിയയിൽ എത്തിയത് മുതൽ തിങ്കളാഴ്ച വൈകുന്നേരം പുറപ്പെടുന്നത് വരെ, താൽക്കാലിക തടങ്കൽ കേന്ദ്രത്തിലാണ് ഹർജിത് കൗറിനെ പാർപ്പിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു. ഏകദേശം 70 മണിക്കൂറോളം 73-കാരിക്ക് കട്ടിൽ പോലും നിഷേധിച്ചു. തറയിലാണ് അവർ കിടന്നതെന്നും അഭിഭാഷകൻ ആരോപിച്ചു.
ഹർജിത് കൗർ 1992ലാണ് യുഎസിലേക്ക് കുടിയേറിയത്. രണ്ട് മക്കളോടൊപ്പമാണ് യുഎസിലേക്ക് പോയത്. അവർ 30 വർഷത്തിലേറെയായി നോർത്തേൺ കാലിഫോർണിയയിലെ ഈസ്റ്റ് ബേയിലാണ് താമസിച്ചിരുന്നത്. മതിയായ രേഖകളില്ലാതെയാണ് താമസിച്ചത് എന്നാണ് ആരോപണം. അഭയം തേടിയുള്ള അപേക്ഷ 2012-ൽ നിരസിക്കപ്പെട്ടു, എന്നാൽ അതിനുശേഷം 13 വർഷത്തിലേറെയായി അവർ എല്ലാ ആറു മാസത്തിലും സാൻഫ്രാൻസിസ്കോയിലെ ഐസിഇ ഓഫീസിൽ റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് മരുമകൾ മഞ്ജി കൗർ പറഞ്ഞു. ഒരു ഇന്ത്യൻ വസ്ത്രശാലയിലാണ് ഹർജിത് കൗർ ജോലി ചെയ്തിരുന്നത്.
സെപ്റ്റംബർ 8-നാണ് ഇമിഗ്രേഷൻ അധികൃതർ ഹർജിത് കൗറിനെ കാലിഫോർണിയയിൽ വെച്ച് തടങ്കലിലാക്കിയത്.കൗറിനെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും ഇന്ത്യൻ വംശജരും പ്രതിഷേധിച്ചിരുന്നു. അതേസമയം 2005-ൽ കോടതി അവരെ നാടുകടത്താൻ ഉത്തരവിട്ടിരുന്നുവെന്നാണ് ഐസിഇയുടെ വിശദീകരണം.