
വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ തർക്കം പരിഹരിക്കാൻ നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെയും മകൻ മുജ്തബയെയും ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതികൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരെ ഇല്ലാതാക്കുന്നത് ഉൾപ്പെടെയുള്ള വിനാശകരമായ സൈനിക ഓപ്ഷനുകൾ പെന്റഗൺ ട്രംപിന് മുന്നിൽ അവതരിപ്പിച്ചതായി ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ ഒരു തരത്തിലും അണുബോംബ് നിർമ്മിക്കില്ലെന്ന് ഉറപ്പുനൽകിയാൽ ആണവ സമ്പുഷ്ടീകരണം തുടരാൻ ട്രംപ് അനുവദിച്ചേക്കാം. എന്നാൽ ഇത് രാഷ്ട്രീയമായി ട്രംപിന് അമേരിക്കയിൽ ന്യായീകരിക്കാൻ കഴിയുന്ന ഒന്നായിരിക്കണം. ഇറാൻ കളിപ്പിക്കാനാണ് ഭാവമെങ്കിൽ ഞങ്ങളുടെ ക്ഷമ അധികം നീളില്ല. ഞങ്ങൾക്ക് നിരസിക്കാൻ കഴിയാത്ത ഒരു ഓഫർ അവർ മുന്നോട്ടുവെക്കണം," എന്ന് മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിൽ 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണ് അമേരിക്ക ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഏത് നിമിഷവും ആക്രമണത്തിന് ട്രംപ് ഉത്തരവിട്ടേക്കാമെന്നാണ് സൂചന.
ജനീവയിൽ നടക്കുന്ന ചർച്ചകളിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ചില അടിസ്ഥാന തത്വങ്ങളിൽ ധാരണയായതായി അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇറാൻ തങ്ങളുടെ പുതിയ നിർദ്ദേശങ്ങൾ രേഖാമൂലം സമർപ്പിക്കും. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും അത് ലോകത്തിന് ബോധ്യപ്പെടുത്താനുള്ള സാങ്കേതിക നടപടികൾക്ക് തയ്യാറാണെന്നും ഇറാൻ വ്യക്തമാക്കി. എങ്കിലും യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തിവെക്കാൻ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ല. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടിയാൽ അമേരിക്കയുമായി ചേർന്ന് സംയുക്ത സൈനിക നീക്കം നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇസ്രായേൽ. മേഖലയിലെ മറ്റ് അറബ് രാജ്യങ്ങളും യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam