
വാഷിങ്ടൺ: ഇസ്രായേലിനും ഇറാനുമിടയിൽ സംഘർഷം കടുക്കുന്നതിനിടെ, ആക്രമണം അടിയന്തരമായി നിർത്തണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇരുപക്ഷവും വെടിനിർത്തലിന് ആഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, നിലവിൽ പുരോഗമിക്കുന്ന അന്തിമ സമാധാന ചർച്ചകൾക്ക് തടസ്സം സൃഷ്ടിക്കരുതെന്നും ആവശ്യപ്പെട്ടു. ഏപ്രിൽ എട്ടിന് നിലവിൽ വന്ന വെടിനിർത്തലിന് ശേഷം ഇസ്രായേലിനും ഇറാനുമിടയിൽ പുതിയ പോർമുഖം തുറന്നതിനിടെയാണ് ട്രംപിൻ്റെ പ്രതികരണം.
ഇസ്രായേലും ഇറാനും അടിയന്തരമായി വെടിവെപ്പ് നിർത്തണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ ട്രംപ് പറഞ്ഞു. മിനിറ്റുകൾക്കകം പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ, ഇരുപക്ഷവും ഉടനടി ഒരു വെടിനിർത്തലിനായി ആഗ്രഹിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി. അജ്ഞതയോ വിഡ്ഢിത്തമോ തടസ്സമാകാതിരുന്നാൽ, സമാധാനത്തിനായുള്ള അന്തിമ ചർച്ചകൾ പുരോഗമിക്കുകയാണ്. ഒരു അന്തിമ കരാറിൽ എത്തുന്നത് വരെ ഉപരോധം പൂർണമായും നിലനിൽക്കും. കാര്യങ്ങൾ വേഗത്തിൽ നീങ്ങണമെന്നും ട്രംപ് പറഞ്ഞു.
തിങ്കളാഴ്ച ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ മിസൈൽ വർഷത്തെ തുടർന്ന് രാജ്യത്തിൻ്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ വ്യാപകമായി സൈറൺ മുഴങ്ങിയിരുന്നു. ഇസ്രായേലിൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് മിസൈലുകൾ തകർത്തത് വലിയ സ്ഫോടന ശബ്ദങ്ങൾക്കും ഇടയാക്കി. അതേസമയം ആക്രമണത്തിൽ ആളപായമുണ്ടായിട്ടില്ലെന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെ ഇറാൻ്റെ മധ്യ, പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയതിനുള്ള പ്രത്യാക്രമണമായിരുന്നു ഇറാൻ നടത്തിയത്. ഇറാൻ്റെ മൈസൽ ലോഞ്ചറുകളും പെട്രോകെമിക്കൽ കോംപ്ക്ലസുമാണ് ലക്ഷ്യം വെച്ചതെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചപ്പോൾ രണ്ട് സൈനിക താവളങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ചൂണ്ടിക്കാട്ടി ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇറാനും ഏറ്റെടുത്തു. അതിനിടെ, ഇസ്രായേലിന് നേരെ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി യെമനിലെ ഹൂതികളും രംഗത്തെത്തി.
അതേസമയം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ യുഎസിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇസ്രായേൽ നടത്തുന്ന സൈനിക നടപടികളിൽ നിന്നുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങൾക്കും അമേരിക്ക ഉത്തരവാദികളായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് പ്രതികരിച്ചു. പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കടുത്തതോടെ, വിവിധ രാജ്യങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചു തുടങ്ങി. ഇറാഖ് തങ്ങളുടെ വ്യോമാതിർത്തി 72 മണിക്കൂർ നേരത്തേക്ക് അടച്ചപ്പോൾ സിറിയ ദമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടയ്ക്കുകയും തെക്കൻ വ്യോമാതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇരുരാജ്യങ്ങൾക്കുമിടയിൽ സംഘർഷം ഉടലെടുത്തതോടെ ക്രൂഡ് ഓയിൽ വിലയിലും വർധനവുണ്ടായി. ബ്രൻ്റ് ക്രൂഡ് ഓയിൽ വില 97.49 ഡോളറായി ഉയർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam