
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ (Joe Biden) അവധിക്കാല വസതിയായ ബീച്ച് ഹൗസിന് മുകളിലൂടെ സ്വകാര്യ വിമാനം പറന്നതിനെ തുടർന്ന് അദ്ദേഹത്തെയും ഭാര്യയെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വൈറ്റ് ഹൗസ് (White house) അറിയിച്ചു. പ്രസിഡന്റും പ്രഥമ വനിതയും സുരക്ഷിതരാണെന്നും ആക്രമണം ഉണ്ടായിട്ടില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. ബൈഡനോ കുടുംബത്തിനോ ഭീഷണിയില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ബൈഡനും ഭാര്യയും വീട്ടിലേക്ക് മടങ്ങി.
വാഷിംഗ്ടണിൽ നിന്ന് 200 കിലോമീറ്റർ (120 മൈൽ) കിഴക്ക് ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലെ ബീച്ച് ഹൗസിന് മുകളിലൂടെയാണ് വിമാനം പറന്നത്. അതീവസുരക്ഷാമേഖലയായ ഇവിടെ വിമാനങ്ങൾക്ക് പറക്കാൻ അനുമതിയില്ല. വിമാനം സുരക്ഷിതമായ പ്രദേശത്തേക്ക് പ്രവേശിച്ചെന്നും എന്നാൽ ഉടൻ തന്നെ പുറത്തേക്ക് കടത്തിവിട്ടുവെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു. അറിയാതെയാണ് വിമാനം സുരക്ഷിത മേഖലയിൽ പ്രവേശിച്ചതെന്നും അവർ വ്യക്തമാക്കി. പൈലറ്റിന്റെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്നും സീക്രട്ട് സർവീസ് വക്താവ് ആന്റണി ഗുഗ്ലിയൽമി പറഞ്ഞു. പൈലറ്റിനെ ചോദ്യം ചെയ്യുമെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam