മാനവികതയ്ക്ക് നേരെ വെടിയുതിർക്കരുതെന്ന് ആവശ്യം, പിന്നാലെ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെഡ്രോയുടെ വിസ റദ്ദാക്കി അമേരിക്ക

Published : Sep 27, 2025, 01:32 PM IST
US revokes visa for Colombian president

Synopsis

യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനാണ് ഗുസ്താവോ പെഡ്രോ ന്യൂയോർക്കിലെത്തിയത്. ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിൽ ട്രംപ് ഭരണകൂടത്തെ ശക്തമായി വിമർശിച്ചിരുന്നു

ന്യൂയോർക്ക്: കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെഡ്രോയുടെ വിസ റദ്ദാക്കി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. വെള്ളിയാഴ്ചയാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂയോർക്കിൽ നടന്ന പലസ്തീൻ അനുകൂല റാലിയിലെ വിദ്വേഷ പരാമ‍ർശങ്ങൾക്ക് പിന്നാലെയാണ് നടപടിയെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിശദമാക്കിയത്. ട്രംപിന്റെ ഉത്തരവ് അനുസരിക്കരുതെന്നും മാനവികതയുടെ നേർക്ക് തോക്ക് ചൂണ്ടരുതെന്നുമാണ് ഗുസ്താവോ പെഡ്രോ റാലിയിൽ വിശദമാക്കിയത്. വെള്ളിയാഴ്ചയാണ് മെഗാഫോണിൽ പലസ്തീൻ അനുകൂല പ്രതിഷേധക്കാരോട് പ്രസംഗിച്ചത്. ന്യൂയോർക്കിൽ നിന്നുകൊണ്ട് അമേരിക്കൻ സൈനികരോട് മാനവികതയുടെ നേർക്ക് വെടിയുതിർക്കല്ലെന്ന് ആവശ്യപ്പെടുകയാണ്. ട്രംപിന്റെ ഉത്തരവുകൾ അനുസരിക്കരുത് എന്നാണ് സ്പാനിഷിലെ ഗുസ്താവോ പെഡ്രോയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. മാനവികതയുടെ ഉത്തരവ് അനുസരിക്കൂവെന്നായിരുന്നു കൊളംബിയൻ പ്രസിഡന്റ് അമേരിക്കൻ സൈന്യത്തോട് ആവശ്യപ്പെട്ടത്.

 വെള്ളിയാഴ്ച തന്നെ ഗുസ്താവോ പെഡ്രോ ബൊഗോട്ടയിലേക്ക് പുറപ്പെട്ടതായാണ് കൊളംബിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനാണ് ഗുസ്താവോ പെഡ്രോ ന്യൂയോർക്കിലെത്തിയത്. ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിൽ ട്രംപ് ഭരണകൂടത്തെ ശക്തമായി വിമർശിക്കുകയും കരീബിയൻ തീരത്ത് മയക്കുമരുന്ന് കടത്ത് ആരോപിച്ച് ബോട്ടുകളിൽ അടുത്തിടെ യുഎസ് നടത്തിയ ആക്രമണങ്ങളിൽ ക്രിമിനൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ട്രംപിനെതിരായ വിമർശനം നടപടിക്ക് കാരണം

ദരിദ്രരായ യുവാക്കളാണ് അമേരിക്കയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് ഗുസ്താവോ പെഡ്രോ ആരോപിച്ചത്. എന്നാൽ വെനസ്വലയുടെ തീരത്ത് അമേരിക്കയുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ആക്രമണമുണ്ടായതെന്നാണ് അമേരിക്ക വാദിച്ചത്. എട്ട് യുദ്ധക്കപ്പലുകളും ഒരു അന്തർവാഹിനിയുമാണ് തെക്കൻ കരീബിയൻ തീരത്തേക്ക് ഡൊണാൾഡ് ട്രംപ് വിന്യസിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇതെന്നത് മേഖലയിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

അമേരിക്ക ബോട്ടുകൾക്കെതിരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ കൊളംബിയൻ സ്വദേശികളാണെന്നാണ് ഗുസ്താവോ പെഡ്രോ വിശദമാക്കുന്നത്. കൊളംബിയയെ മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സഖ്യകക്ഷിയായി അംഗീകരിക്കാൻ അമേരിക്ക തയ്യാറായിരുന്നില്ല. എന്നാൽ കഴിഞ്ഞ ആഴ്ച കൊളംബിയയ്ക്കെതിരായ സാമ്പത്തിക ഉപരോധങ്ങൾ അമേരിക്ക നിർത്തലാക്കിയിരുന്നു. കൊളംബിയയുടെ ആദ്യത്തെ ഇടതുപക്ഷ നേതാവായ ഗുസ്താവോ പെഡ്രോയുടെ കീഴിൽ സഖ്യകക്ഷികളായ ഇരു രാജ്യങ്ങളുടേയും ബന്ധത്തിൽ ഉലച്ചിൽ വന്നിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് ദശാബ്ദത്തെ 'രാഷ്ട്രീയവനവാസം' അവസാനിപ്പിച്ച് താരിഖ് റഹ്മാൻ എത്തി, ഭാര്യക്കും മകൾക്കുമൊപ്പം പ്രിയപ്പെട്ട പൂച്ചയും! മാറുമോ ബം​ഗ്ലാദേശ്
30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു