
ദോഹ: യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നാളെ ദോഹയിൽ എത്തും. ഇസ്രായേൽ സന്ദർശനത്തിന് ശേഷമാണ് മാർക്കോ റൂബിയോ ഖത്തറിലേക്ക് പോവുക. അറബ് -ഇസ്ലാമിക ഉച്ചകോടി നടക്കുന്നതിനിടെയാണ് യുഎസ് വിദേശകാര്യ സെക്രട്ടറിയുടെ ദോഹ സന്ദര്‍ശനത്തില്‍ സ്ഥിരീകരണം വന്നിരിക്കുന്നത്. മാർക്കോ റൂബിയോ ഇസ്രയേലിൽ നിന്ന് യുകെയിലേക്ക് പോകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ദോഹയിലേക്ക് പോകുന്നു എന്ന വിവരമാണ് ഇപ്പോൾ വന്നിരിക്കുന്നത്.
ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ നിലപാട് പ്രഖ്യാപിക്കുന്ന അറബ് - ഇസ്ലാമിക് ഉച്ചകോടി തുടങ്ങിയിരിക്കുകയാണ്. ഇസ്രയേലിന് രൂക്ഷ വിമർശനമാണ് ഉച്ചകോടിയില്‍ ഉയരുന്നത്. ഹമാസ് നേതാക്കളെ വധിക്കാൻ ആയിരുന്നു ലക്ഷ്യമെങ്കിൽ ചർച്ച എന്തിന് എന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉച്ചകോടിയില്‍ ചോദിച്ചു. അറബ് മേഖല ഇസ്രയേലി സ്വാധീനത്തിൽ വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വപ്നം കാണുന്നു. അത് വ്യാമോഹമാണെന്നും ഖത്തർ അമീർ വിമര്‍ശിച്ചു. ഇസ്രയേലുമായി എന്ത് സമീപനം സ്വീകരിക്കണമെന്നതിൽ ഇന്നത്തെ പ്രഖ്യാപനം നിർണായകമാണ്. അറബ് - ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഒറ്റക്കെട്ടായ നിലപാടാണ് പ്രഖ്യാപിക്കുക എന്നതിനാൽ ലോകക്രമത്തിൽ ഇത് വലിയ സ്വാധീനമുണ്ടാക്കും. ഖത്തർ അമീറിന് പുറമേ യുഎഇ വൈസ് പ്രസിഡണ്ട്, തുർക്കി, ഈജിപ്ത് പ്രസിഡണ്ടുമാർ, കുവൈത്ത് കിരീടാവകാശി, ഒമാൻ ഉപ പ്രധാനമന്ത്രി, സിറിയൻ ഇടക്കാല പ്രസിഡന്‍റ് ഉൾപ്പടെയുള്ള നേതാക്കളാണ് ഉച്ചകോടില്‍ പങ്കെടുക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam