
വാഷിങ്ടൺ: ബഹിരാകാശത്ത് ആയുധങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്ക. ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളാണെന്നാണ് അവകാശവാദം. യുഎസ് എയർ ഫോഴ്സ് സെക്രട്ടറി ട്രോയ് മെയിങ്ക് ആണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. ശത്രുക്കളുടെ ആക്രമണങ്ങളിൽനിന്ന് യുഎസ് സൈന്യത്തെ സംരക്ഷിക്കാൻ ഭ്രമണപഥത്തിലുള്ള ആയുധം ആവശ്യമാണെന്ന് ട്രോയ് മെയിങ്ക് പറഞ്ഞു. വളർന്നുവരുന്ന ഭീഷണികളെ നേരിടാൻ യുഎസ് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എയർ ആൻ്റ് സ്പേസ് അസോസിയേഷന്റെ സ്പേസ് ആൻ്റ് സൈബർ കോൺഫറൻസിൽ വെച്ചാണ് എയർ ഫോഴ്സ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ.
ബഹിരാകാശത്ത് വിനാശകരമായ ആണവായുധങ്ങളോ വിനാശകരമായ മറ്റ് ആയുധങ്ങളോ സ്ഥാപിക്കുന്നത് യുഎൻ ചട്ടങ്ങളുടെ ലംഘനമാണ്. 1967ലെ ഔട്ടർ സ്പേസ് ട്രീറ്റിയാണ് ഈ വിഷയത്തിലെ അടിസ്ഥാന ചട്ടം. എന്നാൽ ഇത് സമ്പൂർണ നിരോധനമായി വ്യാഖ്യാനിക്കാനാകില്ല. ഈ പഴുത് ഉപയോഗിച്ചാകാം അമേരിക്കയുടെ നീക്കം. ബഹിരാകാശത്ത് സ്ഥാപിച്ചിരിക്കുന്ന ആയുധം ഏത് തരത്തിലുള്ളതാണെന്ന് എയർ ഫോഴ്സ് സെക്രട്ടറി വ്യക്തമാക്കിയിട്ടില്ല. ആയുധത്തിന്റെ ശേഷിയെക്കുറിച്ചോ അത് എപ്പോൾ ഭ്രമണപഥത്തിൽ സ്ഥാപിച്ചുവെന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
നേരത്തെ അമേരിക്ക ബഹിരാകാശത്തെ സൈനിക സാന്നിധ്യം ശക്തമാക്കാൻ ആലോചിക്കുന്നതായി ഉന്നത സൈനിക നേതൃത്വം വ്യക്തമാക്കിയിരുന്നു. ഭാവിയിൽ സംഘർഷമുണ്ടായാൽ റഷ്യയും ചൈനയും അമേരിക്കൻ സാറ്റ്ലൈറ്റുകളെ ലക്ഷ്യമിട്ടേക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉന്നത സൈനിക നേതൃത്വത്തിൻ്റെ പ്രതികരണം. അടുത്ത കാലത്തായി ബഹിരാകാശം കേന്ദ്രീകരിച്ചു യുഎസ് പുതിയ നയം സ്വീകരിക്കുന്നത് പ്രകടമായിരിന്നു.
യുഎസ് സ്പേസ് ഫോഴ്സ് എന്ന പേരിൽ പുതിയ സേനാ വിഭാഗത്തെ അമേരിക്ക രൂപീകരിച്ചിരുന്നു. ബഹിരാകാശത്തെ അമേരിക്കൻ ആസ്തികൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആണ് യുഎസ് സ്പേസ് ഫോഴ്സ് രൂപീകരിച്ചത്. കൂടാതെ, സ്പേസ് ഫോഴ്സ് അക്കാദമിയും ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ നിരീക്ഷണ സാറ്റലൈറ്റുകൾ സ്വന്തമായുള്ള രാജ്യമാണ് അമേരിക്ക. ചൈനയ്ക്കും റഷ്യയ്ക്കും സമാന സാറ്റലൈറ്റുകൾ ഉണ്ട്. 2024ൽ റഷ്യ വിക്ഷേപിച്ച ചില ഉപഗ്രഹങ്ങൾ ബഹിരാകാശ ആയുധങ്ങളാണോയെന്ന ആശങ്ക അമേരിക്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ റഷ്യ ഇതിൽ പരസ്യ പ്രതികരണം നടത്തിയിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam