
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് സിറ്റി സബ്‌വേയിൽ റയിൽവേ ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇന്ത്യൻ വംശജരായ യുവാവും യുവതിയും ട്രെയിൻ തട്ടി കൊല്ലപ്പെട്ടു. മലൈക ചിത്ര, നവം കൗൾ എന്നിവരാണ് മരിച്ചത്. ഇരുവർക്കും 24 വയസായിരുന്നു പ്രായം. മാൻഹാട്ടൻ ഡൗൺടൗണിലെ സ്പ്രിങ് സിറ്റി റെയിൽവെ സ്റ്റേഷനിലെ റെയിൽപാളത്തിൽ പ്രാദേശിക സമയം പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടെന്ന് ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
സംഭവം നടക്കുന്ന സമയത്ത് ഇരുവരും റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിന് താഴെയുള്ള ട്രാക്കിൽ ഇരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ സമയത്ത് ട്രാക്കിലേക്ക് കടന്നുവന്ന സബ്‌വേ ട്രെയിൻ ഇവരെ ഇടിക്കുകയായിരുന്നു. ഡ്രൈവർ ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം തുടരുകയാണെന്ന് ന്യൂയോർക്ക് പൊലീസ് അറിയിച്ചു. ഇവർ എന്തിനാണ് അപകടകരമായ രീതിയിൽ ട്രാക്കിൽ കയറി ഇരുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തെ തുടർന്ന് ഈ മേഖലയിലെ സബ്‌വേ ഗതാഗതം ഏറെ നേരം തടസ്സപ്പെടുകയും ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam