
ന്യൂഡൽഹി: അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി യുഎസ് എംബസി. യുഎസ് നിയമങ്ങൾ ലംഘിക്കുകയോ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുകയോ ചെയ്യുന്ന വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുമെന്നും അവരെ നാടുകടത്തുമെന്നുമാണ് എംബസി വ്യക്തമാക്കിയത്. ബുധനാഴ്ച എക്‌സിലൂടെയാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
യുഎസ് നിയമങ്ങൾ ലംഘിക്കുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്താൽ നിലവിലുള്ള സ്റ്റുഡന്റ് വിസ റദ്ദാക്കപ്പെടും. ഇത് നാടുകടത്തലിനും (Deportation) ഭാവിയിൽ യുഎസ് വിസ ലഭിക്കുന്നതിന് സ്ഥിരമായ വിലക്കിനും കാരണമാകും. യുഎസ് വിസ എന്നത് ഒരു അവകാശമല്ലെന്നും, മറിച്ച് നിബന്ധനകൾക്ക് വിധേയമായി ലഭിക്കുന്ന ഒരു ആനുകൂല്യം മാത്രമാണെന്നും എംബസി ഓർമ്മിപ്പിച്ചു. കുടിയേറ്റ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഡോണൾഡ് ട്രംപ് ഭരണകൂടം നടത്തുന്ന കർശനമായ നടപടികളുടെ ഭാഗമായാണ് ഈ പുതിയ നിർദ്ദേശം. കഴിഞ്ഞ വർഷം മാത്രം യുഎസിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 17 ശതമാനത്തോളം കുറവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എച്ച്-1ബി (H-1B), എച്ച്-4 (H-4) വിസ അപേക്ഷകർക്കും കഴിഞ്ഞ ആഴ്ച എംബസി സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. വിസ ചട്ടങ്ങൾ ലംഘിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്നും അധികൃതർ വ്യക്തമാക്കി. അടുത്തിടെ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ പ്രകാരം വിദ്യാർത്ഥികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ളവ കർശന നിരീക്ഷണത്തിലാണ്. യുഎസ് വിരുദ്ധമായ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതും വിസ റദ്ദാക്കാൻ കാരണമായേക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam