ദൂതനായി പാക് സൈനിക മേധാവി, ചര്‍ച്ചയ്ക്ക് 15 വിഷയങ്ങള്‍; സൈനിക വിന്യാസത്തിനിടെ ഇറാന്‍ ചര്‍ച്ചക്ക് യുഎസ് നീക്കം

Published : Mar 25, 2026, 05:50 PM IST
Asmim Muneer Trump

Synopsis

പാക്കിസ്താന്‍ സൈനിക മേധാവി അസീം മുനീറാണ് ഇക്കാര്യത്തില്‍ ഇറാനോട് സംസാരിക്കുന്നത്. ചര്‍ച്ചയില്‍ സഹകരിക്കാന്‍ ഈജിപ്തും തുര്‍ക്കിയും ഇറാനുമായി സംസാരിക്കുന്നുമുണ്ട്. ചര്‍ച്ച ചെയ്യാനുള്ള 15 വിഷയങ്ങള്‍ അമേരിക്ക തയ്യാറാക്കി.

എണ്ണമേഖലയിലും സാമ്പത്തിക മേഖലയിലുമേറ്റ തിരിച്ചടികള്‍ക്കിടെ, പാക്കിസ്താന്റെ മധ്യസ്ഥതയില്‍ ഇറാനുമായി ചര്‍ച്ചയ്ക്ക് അമേരിക്കന്‍ ശ്രമം. പ്രസിഡന്റ് ട്രംപിന്റെ പിന്തുണയോടെയാണ് ചര്‍ച്ചയ്ക്കുള്ള ശ്രമം നടക്കുന്നത്. പാക്കിസ്താന്‍ സൈനിക മേധാവി അസീം മുനീറാണ് ഇക്കാര്യത്തില്‍ ഇറാനോട് സംസാരിക്കുന്നത്. ചര്‍ച്ചയില്‍ സഹകരിക്കാന്‍ ഈജിപ്തും തുര്‍ക്കിയും ഇറാനുമായി സംസാരിക്കുന്നുമുണ്ട്. ചര്‍ച്ച ചെയ്യാനുള്ള 15 വിഷയങ്ങള്‍ അമേരിക്ക തയ്യാറാക്കി പാക്കിസ്താനെ ഏല്‍പ്പിച്ചിട്ടുണ്ട്. പാക്കിസ്താന്‍ ഈ നിര്‍ദേശങ്ങള്‍ ഇറാന് കൈമാറിയതായി പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയും ഇസ്രായേലും ഇറാനില്‍ വ്യോമാക്രമണം ശക്തമാക്കുകയും ഇറാന്‍ അതിശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്നതിനിടയിലാണ് മൂന്ന് ദിവസം മുമ്പ് പ്രസിഡന്റ് ട്രംപ് അപ്രതീക്ഷിതമായി സമാധാന കാര്‍ഡ് എടുത്തിട്ടത്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ ആ്രകമിക്കുമെന്ന് പറഞ്ഞതിന്റെ പിറ്റേന്നായിരുന്നു ട്രംപിന്റെ മലക്കം മറിച്ചില്‍. ഇറാനുമായി സമാധാന ചര്‍ച്ചകള്‍ നന്നായി പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് അഞ്ച് ദിവസത്തേക്ക് മാറ്റിവെച്ചതായാണ് ട്രംപ് പറഞ്ഞത്. എന്നാല്‍, അങ്ങനെയൊരു സമാധാന ചര്‍ച്ച തന്നെ നടന്നിട്ടില്ല എന്നായിരുന്നു ഇറാന്‍ പരസ്യമായി പറഞ്ഞത്. ഇറാനെ ആക്രമിക്കാനുള്ള ഒരുക്കങ്ങള്‍ക്ക് സമയമെടുക്കാനാണ് അഞ്ചു ദിവസത്തെ അവധി ട്രംപ് പറഞ്ഞതെന്നും ഇറാന്‍ തുറന്നുപറഞ്ഞു.

പാക്കിസ്താന്റെ നീക്കം, സൂത്രധാരന്‍ അസീം മുനീര്‍

അതിനു പിന്നാലെയാണ്, പാക്കിസ്താന്റെ മുന്‍കൈയില്‍ ഇറാനുമായി സമാധാന ചര്‍ച്ചകള്‍ക്കുള്ള ശ്രമം ഊര്‍ജിതമായത്. അമേരിക്കയുടെയും ഇറാന്റെയും സമ്മതത്തോടെ, സംഘര്‍ഷത്തിന് സമഗ്ര പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസീം മുനീറാണ് ചര്‍ച്ചക്ക് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സുമായി അസീം മുനീറിന് അടുത്ത ബന്ധമുണ്ടെന്നാണ് കരുതുന്നത്. സന്ദേശങ്ങള്‍ കൈമാറാന്‍ പാക് സൈനിക മേധാവി ഈ സാധ്യതയാണ് ഉപയോഗിക്കുന്നത്. ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കാമെന്ന നിര്‍ദേശവുമായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും റെവല്യൂഷണറി ഗാര്‍ഡ് മുന്‍ കമാന്‍ഡറുമായ മുഹമ്മദ് ബാഖര്‍ ഖാലിബാഫിനെ അസീം മുനീര്‍ സമീപിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2025-ല്‍ പാക് സൈനിക മേധാവി രണ്ട് തവണ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുനീറിനെ പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍ എന്ന് ഒരുതവണ ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ചര്‍ച്ചയ്ക്കായി 15 യുഎസ് നിര്‍ദേശങ്ങള്‍

ചര്‍ച്ച ചെയ്യുന്നതിനായി 15 വിഷയങ്ങളാണ് അമേരിക്ക തയ്യാറാക്കിയത്. ഈ പദ്ധതി മധ്യസ്ഥനായ പാക് സൈനിക മേധാവി വഴി ഇറാന് അയച്ചതായാണ് നയതന്ത്ര നീക്കങ്ങളെക്കുറിച്ച് അറിവുള്ള രണ്ട് പെന്റഗണ്‍ ഉദേ്യാഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍, ആണവ പദ്ധതികള്‍ എന്നിവ ഈ 15 ഇന നിര്‍ദേശങ്ങളില്‍ പെടുന്നതായാണ് പേര് വെളിപ്പെടുത്താത്ത പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍, ലോഞ്ചറുകള്‍, ഉല്‍പ്പാദന കേന്ദ്രങ്ങള്‍, ആണവ പദ്ധതികള്‍ എന്നിവയെയാണ് ഇസ്രായേലും അമേരിക്കയും നിലവില്‍ ലക്ഷ്യം വെക്കുന്നത്. ഇറാനെ ആണവായുധമുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് അമേരിക്കയും ഇസ്രായേലും ഈ യുദ്ധത്തിന് ഒരുങ്ങിയത് തന്നെ. എന്നാല്‍, ഇറാന്‍ ഇപ്പോഴും ഇസ്രായേലിനും അറബ് രാജ്യങ്ങള്‍ക്കും എതിരായി മിസൈലാക്രമണം തുടരുകയാണ്. ഇറാന്റെ മിസൈല്‍ ശക്തി ഇല്ലാതാക്കിയെന്ന് പലവട്ടം ട്രംപും നെതന്യാഹുവും അവകാശപ്പെട്ടെങ്കിലും ഇസ്രായേല്‍ ആണവനിലയത്തിന് തൊട്ടടുത്ത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയാണ് ഇറാന്‍ ഇതിന് മറുപടി നല്‍കിയത്.

ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച 440 കിലോ യുറേനിയം ഇപ്പോഴും ഇറാന്റെ പക്കലുണ്ടെന്നാണ് കണക്ക്. ഒമാന്റെ മധ്യസ്ഥതയില്‍ നടന്ന മൂന്ന് ചര്‍ച്ചകളിലും ഉയര്‍ന്ന ഈ രണ്ട് വിഷയങ്ങള്‍ തന്നെയാണ് പുതിയ ചര്‍ച്ചയിലെയും പ്രധാന വിഷയമായി യുഎസ് എടുത്തുകാണിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നം, എണ്ണക്കപ്പലുകള്‍ക്കു നേരെയുള്ള ആക്രമണം, അറബ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം എന്നിവയും ഈ 15 നിര്‍ദേശങ്ങളില്‍ പെടുന്നതായാണ് റിപ്പോര്‍ട്ട്.

ചര്‍ച്ചയ്ക്കിടെ ആക്രമണം; പഴയ തന്ത്രം ആവര്‍ത്തിക്കുമോ?

യുദ്ധക്കെടുതിയില്‍നിന്ന് തലയൂരാനുള്ള ട്രംപ് ഭരണകൂടത്തിന്റെ താല്‍പര്യമാണ് ഈ നീക്കത്തിനു പിന്നിലെന്ന് സൂചനയുണ്ടെങ്കിലും ഇറാന്‍ നേരത്തെ പറഞ്ഞതുപോലെ കരയുദ്ധത്തിനുള്ള ഇടവേളയ്ക്കാണ് ഈ സമാധാന ശ്രമമെന്നും സംശയമുണ്ട്. ഒമാന്റെ മധ്യസ്ഥതയില്‍ മൂന്ന് വട്ടം ഇറാനുമായി സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് നേരത്തെ അമേരിക്ക ഇറാനെ ആക്രമിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. പാകിസ്ഥാന്‍ വഴി കൈമാറിയെന്ന് കരുതുന്ന പുതിയ നിര്‍ദേശങ്ങള്‍ ഇറാന്‍ അംഗീകരിക്കുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. ചര്‍ച്ചകള്‍ക്കുള്ള അടിസ്ഥാനമായി ഇറാന്‍ ഈ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടോ എന്ന കാര്യവും വ്യക്തമല്ല. സ്മാധാന ചര്‍ച്ചകളോട് ഇസ്രായേലിന്റെ നിലപാട് എന്താണെന്ന കാര്യവും അവ്യക്തമായി തുടരുകയാണ്. യുദ്ധം ആഴ്ചകളോളം തുടരുമെന്നാണ് ഇസ്രായേലി ഉദ്യോഗസ്ഥര്‍ പറയുന്നത്. നയതന്ത്ര നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് സമ്മതിച്ചെങ്കിലും അമേരിക്ക ആക്രമണം തുടരുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പ്രസ്താവനയില്‍ പറഞ്ഞത്.

മാത്രമല്ല, സമാധാന ശ്രമങ്ങള്‍ക്കിടയിലും അമേരിക്ക പശ്ചിമേഷ്യയിലേക്ക് കരസൈനികരെ അയക്കുന്നത് തുടരുകയാണ്. ഏഴായിരം കരസൈനികരാണ് പശ്ചിമേഷ്യയിലേക്ക് രണ്ട് ദിവസത്തിനുള്ളില്‍ എത്തുന്നത്. ഇതില്‍ അതിവേഗ സൈനിക നടപടിക്ക് പേരുകേട്ട എയര്‍ബോണ്‍ ഡിവിഷനിലെ 2000 സൈനികരും ഉള്‍പ്പെടുന്നു. യുദ്ധത്തിനു മുമ്പായി, അരലക്ഷത്തോളം യു എസ് സൈനികരെ വിവിധ സൈനിക താവളങ്ങളിലായി അമേരിക്ക വിന്യസിച്ചിരുന്നു. കരയുദ്ധത്തിനുള്ള സാധ്യതകള്‍ തുറക്കുന്നതിനായാണ് പുതിയ ശ്രമം എന്നാണ് വിലയിരുത്തല്‍. മുമ്പത്തെ പോലെ, ഒരു വഴിക്ക് സമാധാന ചര്‍ച്ചയും മറുവഴിക്ക് സൈനിക നടപടിയും എന്ന പതിവ് ട്രംപ് ആവര്‍ത്തിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടിക്കറ്റ് തുക 15 ദിവസത്തിനകം റീഫണ്ട് ചെയ്യണം; വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും നിർദ്ദേശം നൽകി കുവൈത്ത് അധികൃതർ
ഹോർമുസ് കടലിടുക്കിൽ പാക് കപ്പൽ, തിരിച്ചയച്ച് ഇറാൻ, കടൽ കടക്കാൻ അനുമതി തേടിയില്ലെന്ന് വിശദീകരണം