
വാഷിങ്ടൺ: കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതികരണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയും ഇറാനും തമ്മിൽ വ്യാപാര കരാർ ഉണ്ടെന്ന് കരുതുന്നില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തോട് മാർക്കോ റൂബിയോ പ്രതികരിച്ചു. അനേകം രാജ്യങ്ങൾ ഇറാനുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് പറഞ്ഞ റൂബിയോ, യുഎസ് ഉപരോധങ്ങളിൽനിന്ന് രക്ഷപ്പെടാനായി ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെയും ഉപരോധ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
"ഇന്ത്യയും ഇറാനും തമ്മിൽ ഒരു വ്യാപാര കരാർ നിലവിലുണ്ടെന്ന് കരുതുന്നില്ല. എല്ലാ രാജ്യങ്ങളും അവരുടേതായ വിദേശനയം രൂപീകരിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഇറാൻ ഭരണകൂടവുമായി സംസാരിക്കുന്നുമുണ്ട്. ഒരു രാജ്യവും ഉപരോധങ്ങളിൽനിന്ന് രക്ഷപ്പെടാൻ ഇറാനെ സഹായിക്കരുത്. ഭീകരതയെ സ്പോൺസർ ചെയ്യുന്നതിനും ആണവായുധം നിർമ്മിക്കാൻ ശ്രമിക്കുന്നതിനും ഉപയോഗിക്കാവുന്ന തരത്തിൽ വരുമാനമുണ്ടാക്കാനുള്ള സംവിധാനങ്ങൾ നിർമ്മിക്കാൻ ഒരു രാജ്യവും അവരെ സഹായിക്കാൻ പാടില്ല. രാജ്യങ്ങൾ അങ്ങനെ ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, അവരെയും നമുക്ക് ഉപരോധിക്കേണ്ടി വരും"- മാർക്കോ റൂബിയോ പറഞ്ഞു.
കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനായി എത്തിയതിനിടെ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാനും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ - ഇറാൻ ഉഭയകക്ഷി ബന്ധവും മേഖലയിലെ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തെന്നാണ് സൂചന. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പരിഹരിക്കണമെന്ന് ഇന്ത്യ തുടർച്ചയായി നിലപാടെടുത്തിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിന് മുന്നോടിയായി നടത്തിയ പ്രതികരണത്തിൽ, ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ഏതെങ്കിലും തരത്തിലുള്ള അധിനിവേശത്തിൽ ശക്തമായും നിശ്ചയദാർഢ്യത്തോടെയും പ്രതികരണം നൽകുമെന്നും പെസെഷ്ക്യാൻ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam