
വാഷിംഗ്ടൺ: വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസത്തിനായുള്ള ഗ്രീൻ കാർഡ് സ്പോൺസർ ചെയ്യുന്നതുമായി ബന്ധപ്പെട്ട പിഇആഎം (PERM) പ്രോഗ്രാമിൽ നിന്ന് ഇൻഫോസിസ്, ടി.സി.എസ്, വിപ്രോ, എച്ച്.സി.എൽ തുടങ്ങിയ ലോകത്തെ മുൻനിര ഐ.ടി ഔട്ട്‌സോഴ്സിങ് കമ്പനികളെ യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ് സസ്പെൻഡ് ചെയ്തു. സിസ്റ്റം ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് നടപടി. വിദേശ തൊഴിലാളികൾക്കായി തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിന് തൊഴിലുടമകൾക്ക് സാധാരണയായി ആവശ്യമായ തൊഴിൽ സർട്ടിഫിക്കേഷനാണ് പിഇആഎം.
പ്രസ്തുത തൊഴിലിനായി യോഗ്യരും സന്നദ്ധരുമായ അമേരിക്കൻ തൊഴിലാളികൾ ലഭ്യമല്ലെന്നും, വിദേശ തൊഴിലാളികളെ നിയമിക്കുന്നത് അമേരിക്കൻ തൊഴിലാളികളുടെ വേതനത്തെയോ തൊഴിൽ സാഹചര്യത്തെയോ ബാധിക്കില്ലെന്നും തൊഴിലുടമകൾ ഈ പ്രോഗ്രാമിലൂടെ യു.എസ് ലേബർ വകുപ്പിന് തെളിയിക്കേണ്ടതുണ്ട്. അമേരിക്കയിൽ ജോലി ചെയ്യുന്ന നിരവധി ഇന്ത്യൻ പ്രൊഫഷണലുകളെ ആശ്രയിക്കുന്ന പ്രമുഖ ഇന്ത്യൻ ഐടി കമ്പനികളെ ഈ നടപടി പ്രതികൂലമായി ബാധിക്കും. താൽക്കാലിക തൊഴിൽ പദവിയിൽ നിന്ന് സ്ഥിരതാമസത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ജീവനക്കാരെയും ഇത് ബാധിച്ചേക്കാം.
എങ്കിലും, എച്ച്-1ബി (H-1B) വിസകളെ ഈ നടപടി ബാധിക്കില്ലെന്നും ഈ കമ്പനികൾക്ക് എച്ച്-1ബി ജീവനക്കാരെ ജോലിക്ക് വെക്കുന്നത് തടയുന്നില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, കമ്പനികൾക്ക് പുതിയ പിഇആർഎം അപേക്ഷകൾ സമർപ്പിക്കുന്നതിൽ നിന്നും, നിലവിലുള്ള അപേക്ഷകളുടെ നടപടികൾ പൂർത്തിയാക്കുന്നതിൽ നിന്നും സസ്പെൻഷൻ നിലനിൽക്കുന്ന കാലത്തോളം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത് കമ്പനികൾക്ക് ഉയർന്ന നിയമപരവും ഭരണപരവുമായ ചെലവുകൾക്ക് കാരണമായേക്കാം.
വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ യു.എസ് ലേബർ സെക്രട്ടറി കീത്ത് സോണ്ടർലിംഗ് ആണ് നടപടി പ്രഖ്യാപിച്ചത്. കോഗ്നിസന്റ്, ഇൻഫോസിസ്, ടാറ്റ, വിപ്രോ, എച്ച്.സി.എൽ, കാപ്ജെമിനി എന്നിവയ്ക്ക് പുറമെ പ്രമുഖ ടെക് കമ്പനികളായ മൈക്രോസോഫ്റ്റ്, അഡോബി എന്നിവയെയും സസ്പെൻഡ് ചെയ്തതായി അദ്ദേഹം അറിയിച്ചു. അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ ചോർത്തുന്ന പ്രക്രിയയ്ക്കെതിരെയാണ് ഈ കർശന നടപടിയെന്നും, യു.എസിൽ മൈക്രോസോഫ്റ്റിനെക്കാൾ ഈ സിസ്റ്റം ദുരുപയോഗം ചെയ്ത മറ്റൊരു കമ്പിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെ.ഡി. വൻസിന്റെയും പിന്തുണയോടെയാണ് ഈ നടപടികൾ നടപ്പിലാക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam