ഹിജാബ് വിരുദ്ധ സമരം: പൗരൻമാരോടുള്ള ക്രൂരതയ്ക്ക് ഇറാൻ സര്‍ക്കാരും മതപൊലീസും കണക്ക് പറയേണ്ടി വരുമെന്ന് ജോ ബൈഡൻ

By Web TeamFirst Published Oct 5, 2022, 2:49 PM IST
Highlights

മഹ്‌സ അമിനിയെന്ന യുവതിയുടെ കസ്റ്റഡി മരണത്തെത്തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ബഹുജന പ്രക്ഷോഭം പത്തൊമ്പതാം ദിവസവും ശക്തമായി തുടരുകയാണ്.

വാഷിംഗ്ടണ്‍: ഇറാനിലെ ഹിജാബ് വിരുദ്ധ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസ് വെബ്‌സൈറ്റിൽ ആണ് ബൈഡൻ്റെ പ്രതികരണം പ്രസിദ്ധപ്പെടുത്തിയത്. ഇറാൻ ഭരണാധികാരികളുടെ നടപടി പ്രാഥമികമായ മനുഷ്യാവകാശങ്ങളുടെ ലംഘനമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നാട്ടിലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന അതിക്രമങ്ങൾക്ക് ഇറാനിയൻ മതപോലീസും അധികാരികളും നാളെ ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു. 

മഹ്‌സ അമിനിയെന്ന യുവതിയുടെ കസ്റ്റഡി മരണത്തെത്തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ബഹുജന പ്രക്ഷോഭം പത്തൊമ്പതാം ദിവസവും ശക്തമായി തുടരുകയാണ്. രാജ്യത്തിൻ്റെ പതിനാലു പ്രവിശ്യകളിലെ  പതിനേഴിലധികം നഗരങ്ങളിൽ  ഇന്നലെയും ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി.  നിലവിൽ ഹൈസ്‌കൂളുകളും യൂണിവേഴ്സിറ്റികളും കേന്ദ്രീകരിച്ചാണ് സമരം നടക്കുന്നത്. സമരക്കാർക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് നാനൂറിലധികം പേരാണ്. പതിനായിരത്തിൽ അധികം പേർ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇരുപത്തിനായിരത്തിൽ അധികം പേരെങ്കിലും പോലീസ് കസ്റ്റഡിയിൽ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. 

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം മറുപടിയുമായി തെക്കൻ കൊറിയയും യുഎസും 

സോൾ: ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തോട് പ്രതികരിച്ചുകൊണ്ട് ജപ്പാൻ കടലിലേക്ക് നാല് സർഫസ് റ്റു സർഫസ് മിസൈലുകൾ തൊടുത്തുവിട്ട് തെക്കൻ കൊറിയയും അമേരിക്കയും.  ഇതിനു പിന്നാലെ മഞ്ഞക്കടലിൽ സഖ്യസേനയുടെ ബോംബർ വിമാന പരിശീലനവും ഉണ്ടായി. അഞ്ച് വർഷത്തിനിടെ ആദ്യമായി ഉത്തര കൊറിയ ജപ്പാന് കുറുകെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തത്. സംഭവം മേഖലയിലാകെ ഭീതി പരത്തിയിരുന്നു.  അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഉത്തര കൊറിയയുടെ ഈ മിസൈൽ പരീക്ഷണത്തെ നിശിതമായ ഭാഷയിൽ വിമർശിച്ചു. ഉത്തരകൊറിയയിലെ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് നിന്നാണ് മിസൈൽ വിക്ഷേപിക്കപ്പെട്ടത് എന്നാണ് സൂചന. ഏതാണ്ട് 4500 കിലോമീറ്ററോളം സഞ്ചരിച്ച മിസൈൽ ജപ്പാന് കുറുകെ പറന്നാണ് പസഫിക് സമുദ്രത്തിൽ പോയി പതിച്ചത്. 


റഷ്യ പിടിച്ചെടുത്ത ഗ്രാമങ്ങൾ തിരികെ പിടിച്ച് യുക്രെയ്ൻ 

കീവ്: രാജ്യത്തിൻറെ തെക്കൻ ഗ്രാമങ്ങൾ റഷ്യയിൽ നിന്ന് തിരിച്ചു പിടിച്ച് ഉക്രെയിൻ സൈന്യം. ദക്ഷിണ യുക്രെയിനിലെ ഖേഴ്‌സൺ പ്രവിശ്യയിലുള്ള ചില ഗ്രാമങ്ങളാണ് സൈന്യത്തിന്റെ 35TH മറൈൻ ബ്രിഗേഡ്  തിരിച്ചു പിടിച്ചത്.  ഡേവിഡിവ് ബ്രിഡിൽ സൈന്യം യുക്രെയിൻ പതാക പൊന്തിച്ചു.  യുക്രെയിന്റെ വടക്കു കിഴക്കൻ പ്രവിശ്യകളിൽ തിരിച്ചടി നേരിടുന്ന റഷ്യൻ സൈന്യത്തിന് ഇതോടെ തെക്കൻ യുക്രെയിനിലും തോറ്റു പിന്മാറേണ്ട ഗതികേടാണ് വന്നിരിക്കുന്നത്.
 

tags
click me!