
വാഷിങ്ടണ്‍: മെയ്ൻ സർവകലാശാലയുടെ 160 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ബിരുദധാരിയായി ചരിത്രം കുറിച്ച് 88 കാരി. ജോൺ അലക്സാണ്ടർ ആണ് ഒടുവിൽ കോളേജ് ബിരുദധാരിയാകുക എന്ന തന്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നത്. 60 വർഷങ്ങൾക്ക് മുൻപ് ഗർഭിണിയായിരുന്നതിനാൽ കോഴ്സ് പൂർത്തിയാക്കുന്നതിൽ നിന്ന് യൂണിവേഴ്സിറ്റി വിലക്കിയിരുന്നു. ഇപ്പോൾ 88കാരി ശാസ്ത്രത്തിൽ ബിരുദം നേടിയെന്നാണ് ദി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് എനിക്ക് ഇത്രക്കും വേണ്ടപ്പെട്ട, വലിയൊരു കാര്യമാണെന്ന് ഞാൻ മനസിലാക്കിയിരുന്നില്ല. ഇപ്പോൾ എന്റെ ഹൃദയത്തിലുണ്ടായിരുന്ന ഒരു മുറിവ് സുഖപ്പെട്ടത് പോലെയാണ് എനിക്ക് തോന്നുന്നതെന്നാണ് ജോൺ അലക്സാണ്ടർ പ്രതികരിച്ചത്.
1950 കാലഘട്ടത്തിൽ മെയ്ൻ സർവകലാശാലയിൽ വിദ്യാർത്ഥിനിയായിരുന്നു ഇവർ. എന്നാൽ ഗർഭിണിയായതിനു ശേഷം പഠനവും ബിരുദമെന്ന സ്വപ്നവും ജോണിന് ഉപേക്ഷിക്കേണ്ടി വന്നു. ഇതിന് ശേഷം 1959 ൽ അവർക്ക് ബിരുദം ലഭിക്കേണ്ടതായിരുന്നു. എന്നാൽ ഗർഭിണിയായതിനാൽ സ്റ്റുഡന്റ് ടീച്ചിങ് എന്ന കോഴ്സിന്റെ പ്രധാന ഭാഗം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ഈയടുത്തിടെ, ജോണ്‍ അലക്സാണ്ടറിന്റെ മകൾ ട്രേസി മെയ്ൻസ് യൂണിവേഴ്സിറ്റിയെ സമീപിക്കുകയായിരുന്നു. അമ്മയുടെ ബിരുദ പഠനം പൂർത്തിയാക്കാൻ എന്തെങ്കിലും മാർഗമുണ്ടോ എന്നാണ് മെയ്ൻസ് യൂണിവേഴ്സിറ്റിയിൽ അന്വേഷിച്ചത്. അപ്പോഴാണ് സർവകലാശാലയുടെ അസോസിയേറ്റ് ഡീൻ ജസ്റ്റിൻ ഡിമ്മൽ വിഷയത്തിൽ ഇടപെട്ടത്.
ജോണിന്റെ എക്സ്പീരിയൻസ് പരിശോധിച്ചപ്പോൾ 1980-81 ൽ ഒരു പ്രീസ്‌കൂൾ പ്രോഗ്രാമിൽ അധ്യാപന സഹായിയായി മുഴുവൻ സമയവും ജോലി ചെയ്തിരുന്നതായും കണ്ടെത്തി. പ്രീസ്‌കൂൾ പ്രായത്തിലുളള കുഞ്ഞുങ്ങളുടെ ആശയ വിനിമയ ശേഷി, മോട്ടോർ സ്കില്ലുകൾ, വായനാ ശേഷി എന്നിവ മെച്ചപ്പെടുത്തുകയാണ് ജോണ്‍ ചെയ്തത്. ഇങ്ങനെ സ്റ്റുഡന്റ് ടീച്ചിങ് എന്ന കോഴ്സിന്റെ പ്രധാന ഭാഗം പൂർത്തിയാക്കുന്നത് ഇതിന് തുല്യമാണെന്ന് കാണിച്ച് സർവകലാശാല ജോണിന് ബിരുദം നൽകാൻ തീരുമാനിക്കുകയായിരുന്നു.
മെയ് 11 ന്, യുമെയ്‌നിന്റെ ബിരുദദാന ചടങ്ങിൽ വച്ച് ജോണിനെ യൂണിവേഴ്സിറ്റി ആദരിക്കുകയും ചെയ്തു. ഭർത്താവിനും നാല് പെൺമക്കൾക്കും കോളേജ് ബിരുദമുണ്ടെ്. ഇക്കാര്യത്തിൽ ഒറ്റപ്പെട്ടു പോയെന്ന് തോന്നിയിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം ബിരുദം നേടിയപ്പോൾ വലിയൊരു നേട്ടമായി കരുതുന്നുവെന്നും ജോണ്‍ അലക്സാണ്ടർ പ്രതികരിച്ചു.