
വാഷിങ്ടൺ: അമേരിക്കയിലെ മിഷിഗണിൽ ഗർഭിണിയായ സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തി വയറ്റിലുള്ള കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ മാതാവ് കോർട്നി ബാർത്തലോമിയു(41) കൊല്ലപ്പെട്ട മകൾ റെബേക്ക പാർക്കിന്റെ (22) പ്രതിശ്രുത വരനുമായി ശാരീരിക ബന്ധത്തിലായിരുന്നു എന്ന് കോടതിയിലെ പ്രാഥമിക വാദത്തിനിടെ വെളിപ്പെടുത്തി. ഗർഭസ്ഥ ശിശുവായിരിക്കുമ്പോൾ തന്നെ കോർട്നി ഉപേക്ഷിക്കുകയും തുടർന്ന് മറ്റൊരാൾ ദത്തെടുത്ത് വളർത്തുകയും ചെയ്ത മകളാണ് കൊല്ലപ്പെട്ട റെബേക്ക പാർക്ക്.
2025 നവംബറിൽ ആണ ക്രൂരമായ കൊലപാതകം നടക്കുന്നത്. ഏകദേശം 9 മാസം ഗർഭിണിയായിരുന്ന റെബേക്കയെ കോർട്നിയും ബ്രാഡ്‌ലി ബർത്തലോമ്യൂ (48)വും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കോർട്നിയുടെ ഭർത്താവ് റെബേക്കയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി നിർത്തുകയും, മാതാവായ കോർട്നി ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മകളുടെ വയർ കീറി കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. കോടതിയിൽ സാക്ഷിയായി ഹാജരായ റെബേക്കയുടെ പ്രതിശ്രുത വരൻ, തനിക്ക് കോർട്നിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി. തനിക്ക് ഇനി കുഞ്ഞുങ്ങളുണ്ടാകില്ലെന്നും മറ്റൊരു കുഞ്ഞിനെ വേണമെന്നും കോർട്നി ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും പ്രതിശ്രുത വരൻ മൊഴി നൽകി.
നവംബർ 3-ന് അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് അമ്മയുടെ വീട്ടിലാണ് റെബേക്കയെ അവസാനമായി കണ്ടത്. പിന്നീട് നവംബർ 25-ന് വീട്ടിൽ നിന്ന് മൈലുകൾ അകലെയുള്ള മാനിസ്റ്റി നാഷണൽ ഫോറസ്റ്റിൽ റെബേക്കയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് ഗർഭസ്ഥ ശിശുവിനെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകം പുറത്തായത്. മകളെ കൊലപ്പെടുത്തി ഗർഭസ്ഥ ശിശുവിനെ സ്വന്തമാക്കാൻ ശ്രമിച്ചതിനാണ് കോർട്നിക്കും ഭർത്താവിനുമെതിരെ പൊലീസ് കൊലപാതക കുറ്റമടക്കം ചുമത്തി കേസ്സെടുത്തിരിക്കുന്നത്. നവംബറിൽ കേസിന്റെ അടുത്ത വാദം കേൾക്കൽ നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam