എണ്ണക്കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം: പിന്നില്‍ ഇറാനെന്ന് അമേരിക്ക, നിഷേധിച്ച് ഇറാന്‍

By Web TeamFirst Published Jun 14, 2019, 3:49 AM IST
Highlights

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പുമായി യുഎന്നും രംഗത്തെത്തി. ഗള്‍ഫ് മേഖലയില്‍ ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാനാവില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് വ്യക്തമാക്കി. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.   

വാഷിങ്ടണ്‍: ഗള്‍ഫ് മേഖലയില്‍ ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. വ്യാഴാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് പോംപിയോ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ചത്. എന്നാല്‍, പോംപിയോയുടെ ആരോപണം ഇറാന്‍ തള്ളി. തെളിവുകളില്ലാതെയാണ് അമേരിക്ക ആരോപണമുന്നയിക്കുന്നതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇറാന്‍ വ്യക്തമാക്കി. 

ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് യുഎസ് നിഗമനം. ഇന്‍റലിജന്‍റ്സ് റിപ്പോര്‍ട്ടുകള്‍ പ്രകാരവും ഉപയോഗിച്ച ആയുധം, പ്രവര്‍ത്തന ശൈലി എന്നിവയെല്ലാം സംഭവത്തിന് പിന്നില്‍ ഇറാനാണെന്ന് വ്യക്തമാക്കുന്നു. മേഖലയിലെ താല്‍പര്യം സംരക്ഷിക്കാന്‍ യുഎസിന് പ്രതിരോധിക്കേണ്ടി വരുമെന്നും പോംപിയോ മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും ഇറാന്‍ ഭീഷണിയുയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ആക്രമണത്തില്‍ അടിമുടി ദുരൂഹത ആരോപിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മജ് ജവാദ് ഷെരീഫ് രംഗത്തെത്തി. അമേരിക്ക-ഇറാന്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി രാജ്യത്തെ പരമോന്നത നേതാവ് കൂടിക്കാഴ്ച നടത്തുന്ന അതേ വേളയിലാണ് എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടാകുന്നത്. ഇതെല്ലാം സംശയങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പുമായി യുഎന്നും രംഗത്തെത്തി. ഗള്‍ഫ് മേഖലയില്‍ ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാനാവില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് വ്യക്തമാക്കി. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

click me!