വെനിസ്വേല ഭൂകമ്പം: അര്‍ജന്റീന ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യയും രണ്ട് മക്കളും മണ്ണിനടിയില്‍; മൃതദേഹങ്ങള്‍ കണ്ടെത്തി

Published : Jun 29, 2026, 03:43 PM IST
venezuela footballer  Lucas Trejo with family

Synopsis

ഭാര്യയെയും മക്കളെയും ജീവനോടെ കണ്ടെത്താന്‍ കഴിഞ്ഞ മൂന്ന് ദിവസമായി ലൂക്കാസും സുഹൃത്തുക്കളും രക്ഷാപ്രവര്‍ത്തകരും തീവ്രശ്രമം നടത്തിവരികയായിരുന്നു. ഇന്നലെയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കാരാക്കസ്: വെനിസ്വേലയെ നടുക്കിയ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഇരട്ട ഭൂചലനത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ താരം ലൂക്കാസ് ട്രെജോയുടെ ഭാര്യയും രണ്ട് മക്കളും മരണപ്പെട്ടു. വെനിസ്വേലന്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ക്ലബ് സ്‌പോര്‍ട് മാരിറ്റിമോ ലാ ഗൈ്വറയുടെ ഡിഫെന്‍ഡറായ ലൂക്കാസിന്റെ ഭാര്യ യാനിന, മക്കളായ ആരോണ്‍, ഐന്‍ഹോവ എന്നിവരാണ് ദുരന്തത്തില്‍ ഇല്ലാതായത്.

ഭാര്യയെയും മക്കളെയും ജീവനോടെ കണ്ടെത്താന്‍ കഴിഞ്ഞ മൂന്ന് ദിവസമായി ലൂക്കാസും സുഹൃത്തുക്കളും രക്ഷാപ്രവര്‍ത്തകരും തീവ്രശ്രമം നടത്തിവരികയായിരുന്നു. ഇന്നലെയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലൂക്കാസിന്റെ കുടുംബത്തിന്റെ വിയോഗത്തില്‍ ക്ലബ് സ്‌പോര്‍ട് മാരിറ്റിമോ ലാ ഗൈ്വറ സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തി. 'ലൂക്കാസ്, നിങ്ങള്‍ ഒറ്റയ്ക്കല്ല. മാരിറ്റിമോ ലാ ഗൈ്വറയിലെ നിങ്ങളുടെ കുടുംബം നിങ്ങള്‍ക്കൊപ്പമുണ്ട്', എന്ന് ക്ലബ് സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ കുറിച്ചു.

ഭൂചലനം ഉണ്ടാകുമ്പോള്‍ 38-കാരനായ ലൂക്കാസ് ട്രെജോ ടീമിന്റെ പരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട് തലസ്ഥാനമായ കാരാക്കസിലായിരുന്നു. ദുരന്ത വാര്‍ത്ത അറിഞ്ഞയുടന്‍ അദ്ദേഹം 28 കിലോ മീറ്റര്‍ അകലെയുള്ള ലാ ഗൈ്വറയിലെ തന്റെ വസതിയിലേക്ക് എത്തി. അപ്പോഴേക്കും ആ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞിരുന്നു. വന്‍കിട യന്ത്രങ്ങള്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ മാറ്റാന്‍ ലൂക്കാസിന്റെ സഹതാരങ്ങള്‍ അഭ്യര്‍ത്ഥന നടത്തിയെങ്കിലും 74 മണിക്കൂറിലധികം നീണ്ട തിരച്ചില്‍ ഒടുവില്‍ കണ്ണീരിലാണ് അവസാനിച്ചത്.

വെനിസ്വേലയില്‍ ഉണ്ടായ ഈ ഇരട്ട ഭൂചലനത്തില്‍ ഇതുവരെ 1,400-ലധികം ആളുകള്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. അയ്യായിരത്തിലധികം പേരെ കാണാതായിട്ടുണ്ട്. കേവലം 39 സെക്കന്‍ഡുകളുടെ ഇടവേളയിലാണ് രണ്ട് ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായത്.

ലൂക്കാസിന്റെ കുടുംബത്തിന് പുറമെ വെനിസ്വേലയിലെ മറ്റ് നിരവധി യുവ ഫുട്‌ബോള്‍ താരങ്ങളും ദുരന്തത്തില്‍ കൊല്ലപ്പെട്ടു. ദോഹയില്‍ നടന്ന അണ്ടര്‍-17 ലോകകപ്പില്‍ കളിച്ച 18 വയസ്സുകാരനായ വിംവെര്‍ട്ട് ബെറോട്ടെരാന്‍, യുവതാരങ്ങളായ വിക്ടര്‍ പാലാസിയോസ്, റസാന്‍ സിജാ എന്നിവരും ഭൂകമ്പത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മറ്റൊരു താരമായ ഹെക്ടര്‍ ബെല്ലോയുടെ ഭാര്യ തന്റെ ഒരു വയസ്സുള്ള കുഞ്ഞിനെ സ്വന്തം ശരീരം കൊണ്ട് മൂടി സംരക്ഷിക്കുന്നതിനിടയിലാണ് മരിച്ചത്.

വിദേശ വിനോദസഞ്ചാരികളും താമസക്കാരുമുള്‍പ്പെടെ നിരവധി പേരാണ് തകര്‍ന്നടിഞ്ഞ നഗരങ്ങളില്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കിടക്കുന്നത്. എട്ട് ചൈനീസ് പൗരന്മാരും ഒന്‍പത് സ്പാനിഷ് പൗരന്മാരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിര്‍ണായകമായ 72 മണിക്കൂറുകള്‍ പിന്നിട്ടതിനാല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആളുകളെ ജീവനോടെ കണ്ടെത്താനുള്ള സാധ്യതകള്‍ മങ്ങുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെതന്യാഹുവിന് നെഞ്ചിടിപ്പേറ്റി ഗാഡി ഐസൻകോട്ട്; ഇസ്രായേൽ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്
7 വയസുകാരൻ മരിക്കുമ്പോൾ ഭാരം 113 കിലോ, മാതാപിതാക്കൾക്കെതിരെ കൊലപാതക കുറ്റം