
കാബൂൾ: അഫ്ഗാൻ ഭരണം താലിബാൻ ഏറ്റെടുത്തതോടെ ലക്ഷക്കണക്കിന് ആളുകളാണ് രാജ്യത്തുനിന്ന് പാലായനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം കാബൂളിലെ വിമാനത്താവളത്തിൽ നിന്ന് പുറത്തുവന്ന വീഡിയോ ആരെയും ഞെട്ടിക്കുന്നതായിരുന്നു. കാബൂളിൽനിന്ന് രക്ഷപ്പെടാൻ യുഎസ് വിമാനത്തിന് പിന്നാലെ പായുന്ന ജനങ്ങൾ. അവർ വിമാനത്തിന്റെ ചക്രങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുകയും വിമാനം പറന്നുയർന്നതോടെ അതിലെ രണ്ട് പേർ വിമാനത്താവളത്തിൽതന്നെ വീണുമരിക്കുകയും ചെയ്തു.
ഈ സംഭവത്തിന്റെ മറ്റൊരു ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിമാനത്തിന്റെ ടയറുകളിലും മറ്റുമായി പിടിച്ചിരുന്നവരിൽ ഒരാൾ പകർത്തിയ സെൽഫി വീഡിയോയാണ് അത്. ഇവർ വിമാനത്തിന് പുറത്ത് കയറിപ്പറ്റി, വിമാനം പറന്നുയരാൻ തുടങ്ങിയതോടെ സന്തോഷത്തോടെ തങ്ങൾ പോകുന്നുവെന്ന് ഉറക്കെപ്പറയുകയും പുറത്തുള്ളവർക്ക് കൈവീശിക്കാണിക്കുകയും ചെയ്യുന്നതാണ് വീഡിയോ.
എന്നാൽ നിമിഷനേരത്തിനുള്ളിൽ ഈ കൂട്ടത്തിൽ രണ്ട് പേർ കാബൂൾ വിമാനത്താവളത്തിൽ തന്നെ വീണ് മരിക്കുന്നതാണ് പിന്നീടുണ്ടായത്. വീഡിയോ എടുത്തയാൾ അടക്കമുള്ളവർ ഇപ്പോൾ ജീവനോടെയുണ്ടാകുമോ എന്ന് പോലും വ്യക്തമല്ല.
കഴിഞ്ഞ 20 വർഷമായി കാബൂളിൽ എത്തി ജീവിതം കരുപിടിപ്പിച്ചവരാണ് ഇനിയും രാജ്യത്ത് തുടർന്നാൽ ജീവന് പോലും അപകടമാണെന്ന് ഭയന്ന് ഓടിരക്ഷപ്പെടാൻ ഒരുങ്ങുന്നത്. അതേസമയം താലിബാൻ മുഴുവൻ ജനങ്ങൾക്കും പൊതുമാപ്പ് പ്രഖ്യാപിക്കുകയും ആരും രാജ്യം വിട്ടുപോകരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരിക്കുകയാണ്.
താലിബാൻ പിടിച്ചെടുത്ത രാജ്യത്തുനിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാൻകാർ വിമാനങ്ങളിലേക്ക് ഇരച്ചുകയറിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാഭടന്മാർ നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടതായാണ് സൂചന. ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ദയനീയ ദൃശ്യങ്ങളാണ് കാബൂൾ എയർപോർട്ടിൽ നിന്ന് പുറത്തുവരന്നത്.
രണ്ടു പതിറ്റാണ്ടു നീണ്ട അമേരിക്കൻ സൈനിക നടപടിക്കിടെ നൂറു കണക്കിന് അഫ്ഗാൻകാർ അമേരിക്കയ്ക്കായി ജോലി ചെയ്തിരുന്നു. അമേരിക്കൻ സൈന്യത്തെ സഹായിക്കാൻ വിവർത്തകരായും മറ്റും ജോലി ചെയ്ത ഇവരെ രാജ്യത്തുനിന്ന് രക്ഷിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ താലിബാൻ കാബൂൾ പിടിച്ചതോടെ അമേരിക്ക വാഗ്ധാനം മറന്നു എന്നതും കൌതുകകരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam