എത്രയും വേഗത്തില്‍ ഈ 'സംഘര്‍ഷം' അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു: പുടിന്‍

By Web TeamFirst Published Dec 23, 2022, 4:04 PM IST
Highlights

"ഞങ്ങളുടെ ലക്ഷ്യം... ഈ സംഘർഷം അവസാനിപ്പിക്കുകയാണ്. ഞങ്ങൾ അതിനായി പരിശ്രമിക്കുകയാണ്. എല്ലാം അവസാനിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കും, എത്രയും വേഗം, നല്ലത്". പുടിന്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.


മോസ്കോ: യുദ്ധം ആരംഭിച്ച് പത്ത് മാസം തികയാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ യുക്രൈനുമായുള്ള യുദ്ധം എത്രയും വേഗത്തില്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. യുക്രൈനെതിരെ 'പ്രത്യേക സൈനിക നടപടി' എന്ന പേരില്‍ 2022 ഫെബ്രുവരി 24 നാണ് പുടിന്‍ സൈനീക നീക്കം ആരംഭിച്ചത്. യുദ്ധം ആരംഭിച്ച് ഇത്രയും കാലം അതിനെ യുദ്ധമെന്ന് വിശേഷിപ്പിക്കാന്‍ പോലും പുടിനോ റഷ്യയോ തയ്യാറായിരുന്നില്ല. യുദ്ധത്തിന് പകരം സംഘര്‍ഷം എന്ന വാക്കാണ് പുടിന്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. 

"ഞങ്ങളുടെ ലക്ഷ്യം... ഈ സംഘർഷം അവസാനിപ്പിക്കുകയാണ്. ഞങ്ങൾ അതിനായി പരിശ്രമിക്കുകയാണ്. എല്ലാം അവസാനിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കും, എത്രയും വേഗം, നല്ലത്". പുടിന്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “എല്ലാ സംഘട്ടനങ്ങളും ഏതെങ്കിലും വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ചർച്ചകളിലൂടെ അവസാനിക്കുന്നു... നമ്മുടെ എതിരാളികൾ അത് എത്ര വേഗത്തിൽ മനസ്സിലാക്കുന്നുവോ അത്രയും നന്നായിരിക്കും,” പുടിൻ കൂട്ടിച്ചേര്‍ത്തു. 

ഫെബ്രുവരിയില്‍ യുക്രൈന്‍ തലസ്ഥാനമായ കീവ് നേരിട്ട് കീഴടക്കാനായിരുന്നു പുടിന്‍റെ പദ്ധതി. എന്നാല്‍, യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്കിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ റഷ്യന്‍ പടയ്ക്ക് പിന്മാറേണ്ടിവന്നു. തുടര്‍ന്ന് വടക്ക് പടിഞ്ഞാറന്‍ യുക്രൈനില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ച റഷ്യ തെക്ക് കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് യുദ്ധം പുനരാരംഭിക്കുകയായിരുന്നു. നേരത്തെ റഷ്യന്‍ വിമതര്‍ കൈവശം വച്ച ഡോണ്‍ബാസ് മേഖലയിലാണ് ഇപ്പോഴും യുദ്ധം നടക്കുന്ന സ്ഥലം. ഇതിനിടെ ഇതിവരെയായി റഷ്യയ്ക്ക് വന്‍ തോതിലുള്ള ആള്‍നാശവും ആയുധ നാശവും സംഭവിച്ചെന്ന് യുക്രൈന്‍ ആരോപിക്കുന്നു. നാറ്റോയുടെ പൂര്‍ണ്ണ പിന്തുണയാണ് യുക്രൈനെ ലോകത്തെ രണ്ടാമത്തെ സൈനിക ശക്തി എന്ന് അവകാശപ്പെടുന്ന റഷ്യയെ പ്രതിരോധിക്കാന്‍ സഹായിച്ചത്. 

യുദ്ധം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ ദിവസമാണ് ആദ്യമായി യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്കി രാജ്യത്തിന് പുറത്തേക്ക് യാത്ര നടത്തുന്നത്. യുദ്ധത്തില്‍ യുഎസിന്‍റെയും നാറ്റോയുടെയും പൂര്‍ണ്ണ സഹകരണം തുടര്‍ന്നു ലഭിക്കുന്നതിനായി അമേരിക്ക സന്ദര്‍ശിച്ച് കഴിഞ്ഞ ദിവസമാണ് അദ്ദേഹം മടങ്ങിയെത്തിയത്. ഇതിന് പിന്നാലെയാണ് യുദ്ധം എത്രയും പെട്ടെന്ന് നിര്‍ത്തുമെന്നുള്ള പുടിന്‍റെ പ്രഖ്യാപനം വന്നത്. യുക്രൈനുമായുള്ള ചർച്ചകൾ തങ്ങൾ തള്ളിക്കളയുന്നില്ലെന്ന് മോസ്കോയിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ മാസങ്ങളില്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ പുടിൻ അധികാരത്തിലിരിക്കുമ്പോൾ ചർച്ചകൾ നടത്തില്ലെന്ന് പറഞ്ഞ പ്രസിഡന്‍റ് സെലൻസ്‌കി യുക്രൈന്‍റെ നയതന്ത്ര ചാനലുകൾ അടച്ചുപൂട്ടിയതായും അവര്‍ ആരോപിച്ചിരുന്നു. 

click me!