
കാബൂൾ: അഫ്ഗാനിൽ നിന്ന് ഉടൻ തന്നെ നല്ല വാർത്ത ഉണ്ടാകുമെന്ന് താലിബാൻ നേതാവും ആക്ടിംഗ് ആഭ്യന്തരമന്ത്രിയുമായ സിറാജുദ്ദീൻ ഹഖാനി. അഫ്ഗാൻ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം അനുവദിക്കുമെന്ന വാഗ്ദാനം ആവർത്തിക്കുകയാണ് താലിബാൻ. ഇതുവരെയും പൂർത്തിയാക്കാത്ത ഈ വാഗ്ദാനം ഉടൻ നടപ്പിലാക്കുമെന്ന സൂചനയാണ് താലിബാൻ നൽകുന്നത്. മാത്രമല്ല, ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകൾ വീട്ടിലിരിക്കണമെന്നും താലിബാൻ നേതാവ് പറഞ്ഞു.
താലിബാൻ ഭരണത്തിന് കീഴിൽ വീടിന് പുറത്തിറങ്ങാൻ ഭയക്കുന്ന സ്ത്രീകളെ കുറിച്ച് ചോദിച്ചപ്പോൾ, "ഞങ്ങൾ അനുസരണക്കേട് കാണിക്കുന്ന സ്ത്രീകളെ വീട്ടിൽ ഇരുത്തും" എന്നുമായിരുന്നു മറുപടി. അനുസരണക്കേട് കാണിക്കുന്ന സ്ത്രീകൾ എന്നതുകൊണ്ട് ഉദ്ദേശിച്ചത് നിലവിലെ സർക്കാരിനെ ചോദ്യം ചെയ്യാൻ മറ്റ് കേന്ദ്രങ്ങളുമായി ചേർന്ന് പ്രവർത്തിച്ച സ്ത്രീകളെയാണെന്നും നേതാവ് കൂട്ടിച്ചേർത്തു.
അമേരിക്ക ആഗോളഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള തീവ്രവാദിയാണ് സിറാജുദ്ദീൻ ഹഖാനി. എഫ്ബിഐ അന്വേഷിക്കുന്ന ഇയാളുടെ തലയ്ക്ക് 10 മില്യൺ ഡോളറാണ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്.
എല്ലാ സ്ത്രീകളും മുഖം മറയ്‌ക്കേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോൾ, "ഞങ്ങൾ സ്ത്രീകളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുന്നില്ല, പക്ഷേ ഞങ്ങൾ അവരെ ഉപദേശിക്കുകയും അവരോട് ഇടയ്ക്കിടെ ഇതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. ഹിജാബ് നിർബന്ധമല്ല, എന്നാൽ എല്ലാവരും നടപ്പിലാക്കേണ്ട ഒരു ഇസ്ലാമിക ഉത്തരവാണിതെന്നും സിറാജുദ്ദീൻ ഹഖാനി പറഞ്ഞു.
ആറാം ക്ലാസിന് മുകളിലുള്ള അഫ്ഗാൻ പെൺകുട്ടികൾ താലിബാൻ രാജ്യം പിടിച്ചെടുത്തതിന് ശേഷം വിദ്യാഭ്യാസം മുടങ്ങിയ അവസ്ഥയിലായിരുന്നു. എന്നാൽ മാർച്ചിൽ ക്ലാസുകൾ പുനരാരംഭിക്കാൻ ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും, എന്നാൽ ശരിയ, അഫ്ഗാൻ ആചാരങ്ങളും സംസ്കാരവും അനുസരിച്ച് ഉചിതമായ സ്കൂൾ യൂണിഫോം രൂപകൽപന ചെയ്യുന്നത് വരെ വീട്ടിൽ തന്നെ തുടരാൻ ഉത്തരവിറക്കിയതായി ഒരു അഫ്ഗാൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam