
ജോർജ്ജിയ:വിവാഹസൽക്കാരത്തിന് ശേഷം യാത്രതിരിച്ച ഹെലികോപ്റ്റർ പറന്നുയർന്ന് മിനിറ്റുകൾക്കകം തകർന്നു വീണ് ഭർത്താവ് മരിച്ച സംഭവത്തിൽ ഹെലികോപ്റ്റർ കമ്പനിക്കെതിരെയും കല്യാണം നടന്ന റിസോർട്ട് ഉടമകൾക്കെതിരെയും കേസ് ഫയൽ ചെയ്ത് വധു. അമേരിക്കയിലെ ജോർജിയയിൽ വിവാഹത്തിന് തൊട്ടുപിന്നാലെയുണ്ടായ ദാരുണമായ അപകടത്തിൽ ഇന്ത്യൻ വംശജനായ 25 കാരനായ ഡേവ് ഫിജി കൊല്ലപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വധു ജെസ്നി സാമാണ് മാസങ്ങൾക്ക് ശേഷമാണ് നിയമപോരാട്ടവുമായി രംഗത്തെത്തിയിരിക്കുന്നത്.
2026 മേയ് മാസത്തിലായിരുന്നു നാല്പതോളം അതിഥികൾ പങ്കെടുത്ത ഇവരുടെ വിവാഹ ആഘോഷങ്ങൾ ജോർജിയയിലെ ഡാവ്സൺവില്ലയിലുള്ള 'ദി റിവർ' എന്ന റിസോർട്ടിൽ വെച്ച് നടന്നത്. ചടങ്ങിന് ശേഷം അറ്റ്ലാന്റയിലെ ഹോട്ടലിലേക്ക് പോകുന്നതിനായാണ് ഇരുവരും റോബിൻസൺ ആർ-66 എന്ന ഹെലികോപ്റ്ററിൽ കയറിയത്. എന്നാൽ മോശം കാലാവസ്ഥയും കനത്ത മഴയും മഞ്ഞും ഉള്ള സാഹചര്യത്തിൽ ടേക്ക് ഓഫിന് പിന്നാലെ ഹെലികോപ്ടർ തകരുകയായിരുന്നു. പ്രതികൂല സാഹചര്യത്തിൽ വിമാനം പറത്താൻ അനുമതി നൽകിയതാണ് അപകടത്തിന് കാരണമായതെന്ന് ജെസ്നി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഹെലികോപ്റ്റർ ഉടമകളായ പ്രെസ്റ്റിജ് ഹെലികോപ്റ്റേഴ്സ്, റിസോർട്ട് അധികൃതർ എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് വഴിവെച്ചതെന്ന് പരാതിയിലെ ആരോപണം. പറന്നുയർന്ന് മിനിറ്റുകൾക്കകം വനമേഖലയിലെ കൂറ്റൻ മരങ്ങളിൽ ഇടിച്ചാണ് ഹെലികോപ്റ്റർ തകർന്നു വീണത്. അപകടത്തിൽ വരനും 28 കാരനായ പൈലറ്റ് നിഖിൽ നർഗുന്ദ്കറും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട വധു ജെസ്നി, മരിച്ച ഭർത്താവിന്റെ ശരീരത്തിനരികിൽ ഏകദേശം ആറ് മണിക്കൂറോളമാണ് രക്ഷാപ്രവർത്തകർ എത്തുന്നതും കാത്ത് തകർന്ന ഹെലികോപ്റ്ററിനുള്ളിൽ കുടുങ്ങിക്കിടന്നത്.
ശരീരത്തിലേറ്റ ഗുരുതരമായ പരിക്കുകൾക്ക് പുറമേ കടുത്ത മാനസികാഘാതവും വിഷാദരോഗവും ഭയവും താൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ജെസ്നി വ്യക്തമാക്കുന്നു. കാലാവസ്ഥ മോശമായിരുന്നിട്ടും സർവീസ് റദ്ദാക്കാനോ യാത്ര മാറ്റിവെക്കാനോ ഉള്ള സുരക്ഷാ മുൻകരുതലുകൾ കമ്പനിയോ റിസോർട്ട് അധികൃതരോ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അറ്റ്ലാന്റയിലെ കോടതിയിൽ വധു നഷ്ടപരിഹാര കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam