
അബുദാബി: യുഎസ് ഉപരോധത്തിന്‍റെ പശ്ചാത്തലത്തിൽ ഇറാനിയൻ വിമാനക്കമ്പനികളുടെ സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ച് യുഎഇ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്ക് പോകുകയും അവിടെ നിന്ന് വരുകയും ചെയ്യുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി യുഎഇ ജനറൽ സിവില് ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഇറാനിയൻ വിമാനക്കമ്പനികളെ അമേരിക്ക വിലക്കിയ സാഹചര്യത്തിലാണ് യുഎഇയുടെ ഈ നീക്കം.
ഇറാനിയൻ വിമാനങ്ങൾക്ക് ഇന്ധനം നൽകുകയോ, ലാൻഡിങ് സേവനങ്ങൾ നൽകുകയോ, ടിക്കറ്റുകൾ വിൽക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളെ ഡോളർ ഇടപാടുകളിൽ നിന്ന് പുറത്താക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ആഗോളതലത്തിൽ ഇറാനിയൻ വിമാന സർവീസുകൾ പൂർണ്ണമായി സ്തംഭിപ്പിക്കുന്ന രീതിയിലാണ് അമേരിക്ക ഉപരോധ നിയമങ്ങൾ കടുപ്പിച്ചത്. സാങ്കേതിക വിദ്യയും എയർക്രാഫ്റ്റുകളുടെ സ്പെയർ പാർട്സുകളും ലഭ്യമാകാതെ വർഷങ്ങളായി പ്രതിസന്ധിയിലായിരുന്ന ഇറാന്റെ വ്യോമയാന മേഖലയ്ക്ക് പുതിയ നീക്കം വൻ തിരിച്ചടിയായി. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യോമഗതാഗതം സാധാരണ നിലയിലാകുന്ന മുറയ്ക്ക് പുതിയ വിവരങ്ങൾ ജനങ്ങളെയും അധികൃതരെയും അറിയിക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam